അടുത്തിടെ നടന്ന ബി.ബി.എല്‍ മത്സരത്തില്‍ സിഡ്‌നി തണ്ടേഴ്‌സും സിഡ്‌നി സിക്‌സേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള സിഡ്‌നി സിക്‌സേഴ്‌സ് അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
എന്നാല്‍ മത്സരത്തിനിടെ രസകരമായ ഒരു സംഭവത്തിനും സിഡ്നി സാക്ഷ്യം വഹിച്ചിരുന്നു. 11ാം ഓവറിലെ അവസാന പന്തില്‍ പാക് താരം ബാബര്‍ അസം സിംഗിള്‍ എടുക്കാന്‍ ശ്രമച്ചപ്പോള്‍ നോണ്‍ സ്‌ട്രൈക്കിലുള്ള സ്റ്റീവ് സ്മിത് അത് നിഷേധിച്ചിരുന്നു.
ഈ സംഭവത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരങ്ങളായ ബാസിത് അലിയും കമ്രാന്‍ അക്മലും. സ്മിത് ബാബറിനോട് അനാദരവ് കാണിച്ചതായി അക്മല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സ്മിത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബാസിത് അലിയുടെ പ്രതികരണം.
‘ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. സ്മിത് അതിവേഗം സെഞ്ച്വറി നേടുമെന്ന് മനസിലാകും. അടുത്ത പന്തില്‍ സിംഗിള്‍ ഇടരുതെന്ന് സ്മിത് ബാബറിനോട് പറയണമായിരുന്നു. അല്ലാതെ ബാബറിനോട് ഇതുപോലെ അനാദരവ് കാണിക്കരുത്. മാത്രമല്ല സിഡ്‌നി സിക്‌സേഴ്‌സിന് ബാബറിനെ വേണ്ട എങ്കില്‍ അവനെ ഒഴിവാക്കിക്കോളൂ, അല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും ഉചിതമല്ല,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.
‘അടുത്ത ഓവറില്‍ സ്മിത്ത് അത് തെളിയിച്ചു. ഒരു ഘട്ടത്തില്‍, ആ ഓവറില്‍ അദ്ദേഹം 6 സിക്‌സറുകള്‍ അടിക്കുമെന്ന് ഞാന്‍ കരുതി. അദ്ദേഹം അതിന് ഉത്തരം നല്‍കി, അല്ലേ? അതേസമയം വിരാട് കോഹ്‌ലി ബാബര്‍ അസമിനെ പോലെ ഈ സിംഗിള്‍ എടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍, സ്റ്റീവ് സ്മിത്തിന്റെ അച്ഛന്‍ പോലും അത് സ്വീകരിക്കുമായിരുന്നു,’ ബാസിത് അലി പറഞ്ഞു.
സിക്സേഴ്സ് ഇന്നിങ്സിന്റെ 11ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തില്‍ സിംഗിളോടാനോ വീണ്ടും സ്ട്രൈക് ബാബറിന് നല്‍കാനോ സ്മിത് ഒരുക്കമായിരുന്നില്ല.
എന്നാല്‍ ബാബറാകട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് സ്മിത്തിനോട് ചോദിച്ചിരുന്നു.
പവര്‍ സെര്‍ജ് (രണ്ടാം പവര്‍ പ്ലേ) എടുക്കാന്‍ പോകുന്നു എന്നായിരുന്നു സ്മിത്തിന്റെ മറുപടി. രണ്ട് ഓവര്‍ പവര്‍ സെര്‍ജ് സമയത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയുള്ളു. 12-ാം ഓവറിലെ ഈ അഡ്വാന്റേജ് സ്മിത് ശരിക്കും മുതലാക്കി.
നാല് സിക്‌സുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് സ്മിത് അതില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും സ്ട്രൈക്കിലെത്തിയ ബാബറാകട്ടെ നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു.
Content Highlight: BBL: Basit Ali and Kamran Akmal react to Steve Smith’s denial of Babar’s single in BBL