| Wednesday, 21st January 2026, 8:44 am

'ബി.ബി.എല്ലായിപ്പോയി, സിംബാബ്‌വേ ആയിരുന്നേല്‍ കാണാമായിരുന്നു'; സിംഗിള്‍ വിവാദത്തിന് ശേഷം ഔട്ടായത് മൂന്ന് തവണ, നേടിയത് ഒറ്റ റണ്‍സ്

ആദര്‍ശ് എം.കെ.

ബിഗ് ബാഷ് ലീഗില്‍ വീണ്ടും മോശം പ്രകടനമാവര്‍ത്തിച്ച് പാക് സൂപ്പര്‍ താരം ബാബര്‍ അസം. കഴിഞ്ഞ ദിവസം പെര്‍ത് സ്‌ക്രോച്ചേഴ്‌സിനെതിരെ നടന്ന മത്സരത്തിലും താരം സമ്പൂര്‍ണ നിരാശനാക്കി.

സ്‌ക്രോച്ചേഴ്‌സിന്റെ സ്വന്തം തട്ടകമായ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 148 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങവെ ഓപ്പണറായി കളത്തിലിറങ്ങി സില്‍വര്‍ ഡക്കായാണ് ബാബര്‍ പുറത്തായത്. കൂപ്പര്‍ കനോലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

സ്റ്റീവ് സ്മിത് സിംഗിള്‍ നിഷേധിച്ച സംഭവത്തിന് പിന്നാലെ മൂന്ന് തവണ ബാബര്‍ പുറത്തായിരുന്നു. ഈ സംഭവത്തിന് ശേഷം ആ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ ബാബര്‍ അടുത്ത മത്സരത്തില്‍ ഒറ്റ റണ്‍സിനും ഇപ്പോള്‍ പൂജ്യത്തിനുമാണ് പുറത്തായത്. ഇതിനിടെ ബാബര്‍ നേടിയതാകട്ടെ വെറും ഒറ്റ റണ്‍സും!

സിഡ്‌നി നാട്ടങ്കത്തില്‍ ചിരവൈരികളായ സിഡ്‌നി തണ്ടറിനെതിരെയായിരുന്നു സ്മിത് ബാബറിന് ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നിഷേധിച്ചത്.

സിക്സേഴ്സ് ഇന്നിങ്സിന്റെ 11ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോങ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ അവസാന പന്തില്‍ സിംഗിളോടാനോ വീണ്ടും സ്ട്രൈക് ബാബറിന് നല്‍കാനോ സ്മിത് ഒരുക്കമായിരുന്നില്ല.

എന്നാല്‍ ബാബറാകട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് സ്മിത്തിനോട് ചോദിച്ചിരുന്നു.

പവര്‍ സെര്‍ജ് (രണ്ടാം പവര്‍ പ്ലേ) എടുക്കാന്‍ പോകുന്നു എന്നായിരുന്നു സ്മിത്തിന്റെ മറുപടി. രണ്ട് ഓവര്‍ പവര്‍ സെര്‍ജ് സമയത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയുള്ളു. 12-ാം ഓവറിലെ ഈ അഡ്വാന്റേജ് സ്മിത് ശരിക്കും മുതലാക്കി.

നാല് സിക്‌സുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് സ്മിത് അതില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും സ്ട്രൈക്കിലെത്തിയ ബാബറാകട്ടെ നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു.

ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരായ മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് മാത്രമാണ് നേടിയത്. സാം കറന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് സിക്‌സേഴ്‌സ് രക്ഷപ്പെട്ടത്. ശേഷം ഇപ്പോള്‍ സ്‌ക്രോച്ചേഴ്‌സിനോടും ബാബര്‍ പരാജയമായി മാറി.

തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്ന ബാബര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലുമായി മാറുകയാണ്.

‘അന്ന് സ്മിത് ചെയ്തത് നൂറ് ശതമാനം ശരിയായിരുന്നു’, ‘ഇത് ബി.ബി.എല്ലായിപ്പോയി, സിംബാബ്‌വേക്കെതിരെയായിരുന്നെങ്കില്‍ കളി കാണാമായിരുന്നു’ തുടങ്ങിയ കമന്റുകളാണ് ബാബറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേസമയം, സ്‌ക്രോച്ചേഴ്‌സിനോട് പരാജയപ്പെട്ടെങ്കിലും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സിക്‌സേഴ്‌സിന് സാധിച്ചിട്ടുണ്ട്. നിര്‍ണായക മത്സരങ്ങളിലെങ്കിലും ബാബര്‍ അവസരത്തിനൊത്ത് ഉയരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: BBL: Babar Azam failed once again

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more