| Wednesday, 4th June 2025, 12:14 pm

ഗസയെക്കുറിച്ച് സംസാരിക്കുമോയെന്ന് ഭയം; ലിവർപൂൾ താരം സലയുമായുള്ള ഗാരി ലിനേക്കറുടെ അഭിമുഖം റദ്ദാക്കി ബി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗസയെക്കുറിച്ച് സംസാരിക്കുമോയെന്ന സംശയം കാരണം ലിവർപൂൾ താരം മുഹമ്മദ് സലയുമായുള്ള ഗാരി ലിനേക്കറുടെ അഭിമുഖം റദ്ദാക്കി ബി.ബി.സി. ലിവർപൂൾ താരം മുഹമ്മദ് സലയുമായി മാച്ച് ഓഫ് ദി ഡേയുടെ അവതാരകനെന്ന നിലയിൽ ഗാരി ലിനേക്കർ നടത്താനിരുന്ന അവസാന അഭിമുഖമാണ് വിടവാങ്ങൽ എപ്പിസോഡിന് തൊട്ടുമുമ്പ് ബി.ബി.സി റദ്ദാക്കിയത്.

ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈലി വംശഹത്യയെക്കുറിച്ച് സംഭാഷണത്തിൽ ചർച്ച ചെയ്യപ്പെടുമോ എന്ന ആശങ്കയെ തുടർന്നാണ് അഭിമുഖം റദ്ദാക്കിയതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. 25 വർഷമായി താൻ നടത്തിയിരുന്ന മാച്ച് ഓഫ് ദി ഡേ പ്രോഗ്രാമിൽ നിന്നും 64 കാരനായ ലിനേക്കർ കഴിഞ്ഞ ദിവസം വിരമിച്ചു. 2026 ലെ ലോകകപ്പും എഫ്.എ കപ്പും കവർ ചെയ്യുന്നത് വരെയും ലിനേക്കറിന് ബി.ബി.സിയുമായി കരാർ ഉണ്ടായിരുന്നു.

എന്നാൽ ഒരു ജൂത വിരുദ്ധ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ അദ്ദേഹം വിവാദത്തിൽ പെട്ടിരുന്നു. പിന്നീട് മാപ്പ് പറയേണ്ടി വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് താൻ എന്നെന്നേക്കുമായി സംപ്രേക്ഷണത്തിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

തുടർന്ന് അദ്ദേഹത്തിന്റെ അവസാന പരിപാടിയായി മുഹമ്മദ് സലയുമായുള്ള അഭിമുഖം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഗസയിൽ ഇസ്രഈൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ച് പ്രീമിയർ ലീഗ് കിരീട ജേതാവുമായി ചർച്ച ചെയ്യുമെന്ന ഭയം കാരണം മുന്നറിയിപ്പില്ലാതെ അഭിമുഖം റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ബി.ബി.സി പുറത്തുവരുന്ന അഭ്യൂഹങ്ങൾ നിഷേധിച്ചു. ഗാരിയുടെ അവസാന മത്സരത്തിന് ശേഷം പരിപാടി സംപ്രേഷണം ചെയ്യാൻ പദ്ധതിയിട്ടിരുന്നതിനാലാണ് അഭിമുഖം റദ്ദാക്കിയതെന്ന് ബി.ബി.സിയുടെ ഒരു വക്താവ് പറഞ്ഞു.

അതേസമയം അവസാനമായി തന്റെ സഹപ്രവർത്തകർക്കും കാഴ്ചക്കാർക്കും നന്ദി പറഞ്ഞുകൊണ്ട് ലിനേക്കർ വൈകാരിക പ്രസംഗം നടത്തി. ‘കാൽ നൂറ്റാണ്ടായി മാച്ച് ഓഫ് ദി ഡേ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഇത് വളരെ സന്തോഷകരമാണ്. വർഷങ്ങളായി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇത് വളരെ പ്രത്യേകതയുള്ളതാണ്. പക്ഷെ എനിക്ക് വിട പറയാൻ സമയമായി. വിട,’ അദ്ദേഹം പറഞ്ഞു.

Content Highlight: BBC cancelled Gary Lineker’s final Match of the Day interview with Mo Salah ‘over Gaza’

We use cookies to give you the best possible experience. Learn more