ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്.
സംഗീത് പ്രതാപ്,സുരേഷ് കൃഷ്ണ, മഞ്ജുശ്രീ നായർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമായത്. ചിത്രത്തിൽ സംഗീതിനൊപ്പം അധികം കോമ്പിനേഷൻ സീനുകളില്ലെങ്കിലും ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മഞ്ജുശ്രീ നായർ.
മഞ്ജുശ്രീ. Photo. Screen Grab/ Youtube.com
‘സംഗീതിന്റെ കൂടെ എനിക്ക് അധികം കോമ്പിനേഷൻ സീനുകളൊന്നുമില്ല. വണ്ടിയിൽ പോകുന്ന ഒരു ഷോട്ട് ഒക്കെ ഉണ്ടായിരുന്നു. സിനിമയിൽ ഞങ്ങൾ പള്ളി കഴിഞ്ഞ് പോകുമ്പോൾ അവർ വണ്ടിയായിട്ട് വന്നിട്ട് ഞങ്ങൾ അതിൽ കയറുന്നുണ്ട്. ആ ഷോട്ട് എടുക്കുമ്പോൾ സംഗീതിനോട് എന്തെങ്കിലും പറയാൻ വേണ്ടിയിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു,’ മഞ്ജുശ്രീ പറഞ്ഞു.
നിവിനും മമിതയും തമ്മിലുള്ള രംഗങ്ങളാണ് വാഹനത്തിനുള്ളിലെ പ്രധാന ഫോക്കസ്. അതുകൊണ്ടുതന്നെ സംഗീതുമായുള്ള സംഭാഷണം ചിത്രത്തിൽ വ്യക്തമായി കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നിരുന്നാലും കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നതുപോലെ ചെയ്യേണ്ടതുണ്ടായിരുന്നു എന്നും നടി പറഞ്ഞു.
‘നമ്മുടെ ഷോട്ട് ഇല്ലെങ്കിലും മമിതയും നിവിനും തമ്മിലുള്ള കള്ളലക്ഷണമാണ് കൂടുതലും വരിക. എന്നാലും ഏതെങ്കിലും സീനിൽ വരുമോ എന്നറിയാൻ വേണ്ടിയിട്ട് സംഗീതിനോട് എന്നോട് എന്തെങ്കിലും പറയാൻ പറഞ്ഞിരുന്നു. അപ്പോൾ ഒരു കള്ളലക്ഷണം പോലെ മമിതയും നിവിനും അവിടെ ചെയ്യുന്നുണ്ട്. ജോയൽ എന്തെങ്കിലും ബിജി ആന്റിയോട് പറയാൻ ആയിട്ടാണ് ഗിരീഷ് പറഞ്ഞത്,’മഞ്ജുശ്രീ പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
ഷോട്ട് തുടങ്ങിയപ്പോൾ സംഗീത് ഭയങ്കര കൂളായിട്ടാണ് തന്നോട് സംസാരിച്ചതെന്നും മഞ്ജുശ്രീ പറഞ്ഞു.
‘ഷോട്ട് തുടങ്ങിയപ്പോൾ തന്നെ സംഗീത് എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എവിടെ ചേച്ചി, സുഖല്ലേ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നൊക്കെ കുറെ കാര്യങ്ങൾ ചോദിച്ചിരുന്നു. തങ്കച്ചൻ ചേട്ടൻ എന്തോ പറയുന്നു, അങ്ങനെ അവൻ എന്തൊക്കെയോ ചോദിച്ചു ഞാൻ എന്തൊക്കെയോ പറഞ്ഞു. ഷോട്ട് എടുക്കുമ്പോൾ വണ്ടി പോയിക്കൊണ്ടിരിക്കുകയാണല്ലോ. ഞങ്ങൾ പറയുന്നത് സീനിൽ വരേണ്ടതല്ല. എന്നാൽ പോലും സംഗീത് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സംഗീതിന് കൗണ്ടർ അടിക്കാൻ ഒന്നും ഒരു പഞ്ഞവുമില്ല. എന്തൊരു ഫ്ലോ ആയിട്ടാണ് വരുന്നത്. നല്ല നടനാണ്,’ മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
Content Highlight: Actress manjusree Talks about actor sangeeth prathap