| Friday, 31st July 2026, 7:52 am

നാല് മത്സരങ്ങൾ 76 ഗോളുകൾ; വീശിയടിച്ച് ബയേൺ കൊടുങ്കാറ്റ്

സുദേവ് എ

പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. ജര്‍മന്‍ അമേച്ചര്‍ ക്ലബ്ബായ റോട്ടാച്ച് എഗെര്‍ണ്‍ എഫ്. സിയെ എതിരില്ലാത്ത 15 ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ഇതേ ടീമിനെതിരെയുള്ള കഴിഞ്ഞ നാല് പ്രീ സീസണ്‍ പോരാട്ടങ്ങളിലും വമ്പന്‍ വിജയമായിരുന്നു ബയേണ്‍ സ്വന്തമാക്കിയിരുന്നത്.

2018ലാണ് ബയേണ്‍ മ്യൂണിക് റോട്ടാച്ച് എഗെര്‍ണിനെതിരെ ആദ്യമായി പ്രീ സീസണ്‍ മത്സരം കളിക്കുന്നത്. അന്ന് 20-2 എന്ന കൂറ്റന്‍ സ്‌കോറിനായിരുന്നു ജര്‍മന്‍ വമ്പന്‍മാരുടെ വിജയം. പിന്നീട് 2023ല്‍ എതിരില്ലാത്ത 27 ഗോളുകള്‍ക്കും ബയേണ്‍ എതിരാളികളെ തരിപ്പണമാക്കി.

തൊട്ടടുത്ത വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ 14 ഗോളുകള്‍ക്കായിരുന്നു ബവേറിയന്‍സിന്റെ വിജയം. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇതേ ടീമിന്റെ പോസ്റ്റിലേക്ക് 15 ഗോളുകള്‍ അടിച്ചുകയറ്റിയിരിക്കുകയാണ് ബയേണ്‍.

റോട്ടാച്ച് എഗെര്‍ണിനെതിരെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്നും 76 ഗോളുകളാണ് ബയേണ്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. മൂന്ന് തവണ മാത്രമാണ് ബയേണ്‍ ഈ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങിയിട്ടുള്ളത്.

മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനായി അലക്‌സാണ്ടര്‍ പാവ്‌ലോവിക്, അരിജോണ്‍ ഇബ്രാഹിമോവിച്ച്, ഫെലിപ് ഷാവേസ്, മെയ്‌ക്കോണ്‍ കാര്‍ഡോസോ, അമിന്‍ഡോ സീബ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ജോവോ പാല്‍ഹിന്‍ഹ, ബാസ്റ്റ്യന്‍ അസോമോ, ജോഷ്വാ കിമ്മിച്ച്, നുരാജ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയും ടീമിന് വമ്പന്‍ വിജയം സമ്മാനിച്ചു.

പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ബയേണ്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ കൂടി കളിക്കും. ഓഗസ്റ്റ് നാലിന് സൗത്ത് കൊറിയന്‍ ക്ലബ്ബായ ജെജുവിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം. ഇതിന് ശേഷം ഓഗസ്റ്റ് ഏഴിന് ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയെയും ഓഗസ്റ്റ് 15ന് ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലെപ്‌സിക്കിനെയും ബയേണ്‍ നേരിടും.

ഓഗസ്റ്റ് 29നാണ് ബുണ്ടസ്‌ലീഗ സീസണിന് തുടക്കം കുറിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ സ്റ്റുഡ്ഗാര്‍ഡിനെയാണ് ബയേണ്‍ നേരിടുക. ഇതിന് മുന്നോടിയായി ഡി. എഫ്. എല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ബോറൂസിയ ഡോര്‍ട്മുണ്ടിനേയും ബയേണ്‍ നേരിടും. ഓഗസ്റ്റ് 23നാണ് ഈ മത്സരം നടക്കുന്നത്. ഈ സീസണിലും ജര്‍മന്‍ വമ്പന്മാര്‍ കിരീടവേട്ട നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Bayern Munich set a huge victory in pre season 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more