| Wednesday, 10th December 2025, 5:29 pm

2013 മുതല്‍ ഒറ്റ തോല്‍വിയില്ല! കണ്ണിനുകണ്ണായി ബവാരിയന്‍സ് കോട്ട കെട്ടി കാക്കുന്ന അലയന്‍സ് അരീന

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക് തങ്ങളുടെ അഞ്ചാം മത്സരം വിജയിച്ചിരുന്നു. സ്വന്തം തട്ടകമായ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ ടീം സ്‌പോര്‍ട്ടിങ് ലിസ്ബണിനെയാണ് ബയേണ്‍ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബവാരിയന്‍സിന്റെ വിജയം.

സെര്‍ജി നാബ്രി, ലെന്നാര്‍ട് കാള്‍, ജോനാഥന്‍ താഹ് എന്നിവര്‍ ജര്‍മന്‍ ടീമിന് വേണ്ടി ഗോള്‍ കണ്ടെത്തിയപ്പോള്‍ ജോഷ്വാ കിമ്മിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ആശ്വാസ ഗോള്‍ പിറന്നത്.

ഈ സെല്‍ഫ് ഗോളിന് ശേഷമാണ് ബവാരിയന്‍സ് മൂന്ന് ഗോള്‍ അടിച്ചെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ഈ വിജയത്തിന് പിന്നാലെ തങ്ങളുടെ സ്വന്തം കോട്ടയായ അലയന്‍സ് അരീനയുടെ ലെഗസി കാക്കാനും ബയേണ്‍ മ്യൂണിക്കിന് സാധിച്ചു. 12 വര്‍ഷമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ യു.സി.എല്‍ മത്സരത്തില്‍ പോലും സ്വന്തം മണ്ണില്‍ ടീം പരാജയപ്പെട്ടിട്ടില്ല.

അലയന്‍സ് അരീന. Photo: allianz-arena.com

2013 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണ്‍ യു.സി.എല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അലയന്‍സ് അരീനയില്‍ പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ടീമിന്റെ പരാജയം.

അന്നുമുതല്‍ ഇന്നുവരെ 37 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ബയേണ്‍ മ്യൂണിക് അലയന്‍സ് അരീനയില്‍ കളിച്ചത്. ഇതില്‍ 35ലും വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലും അവസാനിച്ചു.

2024ല്‍ ഹാരി കെയ്‌നിന്റെ നാല് ഗോള്‍ കരുത്തില്‍ ഡൈനാമോ സാഗ്രെബിനെതിരായ 9-2ന്റെ വിജയവും 2015ല്‍ ആഴ്‌സണലിനെതിരായ 5-1ന്റെ വിജയവുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഹാരി കെയ്‌ന്‍. Photo: Bayern Munich/x.com

ഇപ്പോള്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനെ പരാജയപ്പെടുത്തിയതോടെ നിലവിലെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയുമായി 15 പോയിന്റോടെയാണ് ടീമിന്റെ വിജയം.

അഞ്ച് മത്സരത്തില്‍ അഞ്ചും ജയിച്ച് 15 പോയിന്റോടെ ആഴ്‌സണലാണ് പട്ടികയില്‍ ഒന്നാമത്. ഇരു ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് ഗണ്ണേഴ്‌സിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

Content Highlight: Bayern Munich have not lost at home in the UCL group/league phase since 2013 December

We use cookies to give you the best possible experience. Learn more