യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ ടീമുകള്‍ പരസ്പരം പോരിനിറങ്ങിയ മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്. മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 3- 1ന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ഹാരി കെയ്നിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ജര്‍മന്‍ ടീമിന്റെ വിജയം.
ടൂര്‍ണമെന്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കുക എന്ന ലക്ഷ്യത്തോടെ ചെല്‍സി ഒന്നാം മത്സരത്തില്‍ ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ മുന്നേറ്റങ്ങള്‍ ആരംഭിച്ചെങ്കിലും ബ്ലൂസ് ബയേണിന് മുന്നില്‍ വീഴുകയായിരുന്നു.
ചെല്‍സി താരം കോള്‍ പാമറിന്റെ ഗോള്‍ ശ്രമത്തോടെയാണ് മത്സരത്തിന് തുടക്കമായത്. പിന്നാലെ, ബയേണ്‍ താരങ്ങളും മുന്നേറ്റങ്ങളുമായി കളം പിടിച്ചു. ഇരുടീമിലെയും താരങ്ങള്‍ മാറി മാറി ആക്രമണങ്ങളുമായി ഗ്രൗണ്ടില്‍ കുതിച്ചതോടെ മത്സരത്തില്‍ ആവേശമേറി.
നല്ല നിലയില്‍ മുന്നേറിയ ചെല്‍സിയെ ഞെട്ടിച്ച് ട്രെവോ ചലോബയുടെ ഓണ്‍ ഗോള്‍ വലയിലെത്തി. 20ാം മിനിട്ടില്‍
ബയേണിന് ലഭിച്ച ഫ്രീകിക് ഹെഡ് ചെയ്ത് തട്ടിയകറ്റാന്‍ ശ്രമിക്കവേ പന്ത് വലയിലെത്തുകയായിരുന്നു. ഒന്നാം ഗോളിന്റെ ആവേശം അടങ്ങും മുമ്പേ ദി ബവേറിയന്‍സിന് പെനാല്‍റ്റി ലഭിച്ചു. ഷോട്ടെടുത്ത കെയ്ന്‍ പിഴവുകള്‍ ഒന്നും വരുത്താതെ പന്ത് വലയിലെത്തിച്ചു.
27ാം മിനിട്ടിലെ ഗോളിലൂടെ ബയേണ്‍ തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തി. എന്നാല്‍, ഗോളെത്തി രണ്ടാം മിനിട്ടില്‍ തന്നെ ചെല്‍സി തിരിച്ചടിച്ചു. പാമറായിരുന്നു ബ്ലൂസിനായി പന്ത് വലയിലെത്തിച്ചത്. പിന്നീട് ബയേണിന് ഒപ്പമെത്താനായി ചെല്‍സിയുടെ ശ്രമങ്ങളത്രയും. മറുവശത്ത് തങ്ങളുടെ ലീഡ് ഉയര്‍ത്താന്‍ ബയേണും കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, മാറ്റമില്ലാതെ ഒന്നാം പകുതി അവസാനിച്ചു.
ബയേണിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആരാധകര്‍ സാക്ഷിയായത്. വൈകാതെ ടീമിന്റെ മൂന്നാം ഗോളുമെത്തി. കെയിനിന്റെ വകയായിരുന്നു ദി മ്യൂണിക്കിന്റെ വിജയഗോള്‍ വലയിലെത്തിച്ചത്. 63ാം മിനിട്ടിലായിരുന്നു വിജയഗോള്‍.
ശേഷിക്കുന്ന സമയത്തില്‍ ഇരു ടീമുകളും ഗോള്‍ നേടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാഴായി. പിന്നാലെ ബയേണിന്റെ വിജയമുറപ്പിച്ച് ഫൈനല്‍ വിസിലെത്തി. അതോടെ, ടൂര്‍ണമെന്റിലേക്കുള്ള തിരിച്ചുവരവ് ചെല്‍സിയ്ക്ക് തോല്‍വിയോടെ തുടങ്ങേണ്ടി വന്നു.
Content Highlight: Bayern Munich defeated Chelsea in UEFA Champions League with double goal of Harry Kane and own goal