ഈ വര്‍ഷത്തെ എല്ലാ മാച്ച് വീക്കിലും ഒന്നാം സ്ഥാനത്തെത്തി ബയേണ്‍ മ്യൂണിക്. 2025ലെ 34 മാച്ച് വീക്കുകളിലും ഒരിക്കല്‍പ്പോലും മറ്റൊരു ടീമിനെ ഒന്നാം സ്ഥാനത്തെത്താന്‍ അനുവദിക്കാതെയാണ് ബവാരിയന്‍സ് ബുണ്ടസ് ലീഗ അടക്കി ഭരിക്കുന്നത്.
ബുണ്ടസ് ലീഗ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം കലണ്ടര്‍ ഇയറിലെ എല്ലാ മാച്ച് വീക്കുകളിലും പോയിന്റ് പട്ടികയില്‍ മറ്റൊരു ടീമിനെയും ഒന്നാം സ്ഥാനത്തെത്താന്‍ അനുവദിക്കാതെ മുന്നേറുന്നത്.
ബയേണ്‍ മ്യൂണിക്. Photo: Bundesliga/x.com
ബുണ്ടസ് ലീഗ 2024-25 സീസണില്‍ വെറും രണ്ട് മത്സരത്തില്‍ മാത്രമാണ് ബയേണ്‍ പരാജയപ്പെട്ടത്. 34ല്‍ 25ലും വിജയം. ഏഴ് സമനില. രണ്ട് തോല്‍വി. 82 പോയിന്റ്. ആകെ അടിച്ചെടുത്തത് 99 ഗോളുകള്‍. വഴങ്ങിയത് വെറും 32. ഗോള്‍ വ്യത്യാസം 67!
കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നുതന്നെയാണ് ബയേണ്‍ ഈ സീസണിലും തുടങ്ങിയത്. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ ആര്‍.ബി ലീപ്‌സീഗിനെ എതിരില്ലാത്ത ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആരംഭിച്ച കുതിപ്പ് 2025 അവസാനിക്കുമ്പോഴും തുടരുകയാണ്.
ബുണ്ടസ് ലീഗയില്‍ ഈ സീസണിലിതുവരെ 15 മത്സരങ്ങളാണ് ബൊറൂസിയ കളിച്ചത്. 13ലും വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു. സാധ്യമായ 45 പോയിന്റില്‍ 41ഉം നേടിയാണ് ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 32 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ബയേര്‍ ലെവര്‍കൂസന് 29 പോയിന്റുമാണുള്ളത്.
സീസണിലെ ഗോള്‍വേട്ടയില്‍ ബയേണ്‍ മ്യൂണിക് താരം ഹാരി കെയ്‌നാണ് ഒന്നാമത്. 19 ഗോളുകളാണ് ഇംഗ്ലീഷ് ഗോളടിയന്ത്രം അടിച്ചെടുത്തത്. രണ്ടാമതുള്ള സ്റ്റുഗാര്‍ട്ടിന്റെ ഡെന്നിസ് യുണ്ടാവും ഐന്‍ട്രാക്ട് ഫ്രാങ്ക്‌ഫോര്‍ട്ടിന്റെ ബര്‍കാര്‍ഡും കെയ്‌നിന്റെ സഹതാരം ലൂയീസ് ഡയസും എട്ട് ഗോള്‍ വീതമാണ് നേടിയത് എന്നുമോര്‍ക്കണം.
ഏഴ് ഗോള്‍ വീതം നേടിയ ബൊറൂസിയ മൊന്‍ചന്‍ഗ്ലാഡ്ബാക്കിന്റെ ഹാരിസ് താബ്‌കോവിച്ചും ബയേണിന്റെ മൈക്കല്‍ ഒലിസെയുമാണ് മൂന്നാമത്.
ഗോളടിപ്പിക്കുന്നതിലും ബയേണ്‍ താരങ്ങള്‍ തന്നെയാണ് മുമ്പില്‍. എട്ട് അസിസ്റ്റുമായി ഒലിസെയാണ് അസിസ്റ്റുകളില്‍ ഒന്നാമന്‍.
ജനുവരി 11നാണ് ബുണ്ടസ് ലീഗയില്‍ ബയേണിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വോള്‍ഫ്‌സ്ബര്‍ഗാണ് എതിരാളികള്‍.
Content highlight: Bayern Munich creates history in Bundesliga