| Friday, 11th September 2026, 9:53 pm

അടിച്ച ആദ്യ ഗോളില്‍ 900! റയലിന് മാത്രം അവകാശപ്പെട്ട റെക്കോഡിലേക്ക് പറന്നിറങ്ങി ബയേണ്‍

ആദർശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. സ്വന്തം തട്ടകമായ അലയന്‍സ് ആരീനയില്‍ നടന്ന മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ ടീം ബോഡോ ഗ്ലിംറ്റിനെയാണ് ബവാരിയന്‍സ് തകര്‍ത്തുവിട്ടത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബയേണിന്റെ വിജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബയേണ്‍ അഞ്ച് ഗോളുകളും ബോഡോ ഗ്ലിംറ്റിന്റെ വലയിലെത്തിച്ചത്.

47ാം മിനിട്ടില്‍ യുവതാരം ജമാല്‍ മുസിയാലയിലൂടെയാണ് ബയേണ്‍ ഗോളടിമേളത്തിന് തുടക്കമിട്ടത്. ഹാരി കെയ്‌നും അല്‍ഫോണ്‍സോ ഡേവിസും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ മൈക്കല്‍ ഒലീസെ ഇരട്ട ഗോളും അടിച്ചെടുത്തു.

ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ബയേണ്‍ സ്വന്തമാക്കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (യൂറോപ്യന്‍ കപ്പ്) 900 ഗോള്‍ എന്ന മാജിക്കല്‍ നമ്പറിലെത്തിയാണ് ബയേണ്‍ റെക്കോഡിട്ടത്. മുസിയാലയുടെ ആദ്യ ഗോളാണ് ബയേണിനെ 900 യു.സി.എല്‍ ഗോളിലെത്തിച്ചത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമായ റയല്‍ മാഡ്രിഡ് മാത്രമാണ് ഇതിന് മുമ്പ് 900 ഗോളെന്ന നേട്ടത്തിലെത്തിയത്. 1139 ഗോളുകളാണ് 15 ടൈംസ് ചാമ്പ്യന്‍മാര്‍ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് / യൂറോപ്യന്‍ കപ്പില്‍ ഏറ്റവുമധികം ഗോളുകള്‍

(ടീം – ഗോള്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ മത്സരം)

റയല്‍ മാഡ്രിഡ് – 1,139 (518)

ബയേണ്‍ മ്യൂണിക് – 904* (423)

എഫ്.സി ബാഴ്‌സലോണ – 767 (376)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 549 (300)

ലിവര്‍പൂള്‍ – 516 (258)

ബെന്‍ഫിക്ക – 516 (318)

യുവന്റസ് – 510 (321)

എ.സി. മിലാന്‍ – 455 (273)

ആഴ്‌സണല്‍ – 413 (221)

പോര്‍ട്ടോ – 411 (277)

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. പി.എസ്.ജി മാത്രമാണ് ജര്‍മന്‍ വമ്പന്‍മാര്‍ക്ക് മുമ്പിലുള്ളത്. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, കോമോ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 14നാണ് ബയേണിന്റെ അടുത്ത മത്സരം. നോര്‍വേയില്‍ നിന്നുള്ള മറ്റൊരു ടീമായ വൈക്കിങ്ങാണ് എതിരാളികള്‍. സ്റ്റാവെന്‍ജറിലെ വൈക്കിങ് സ്‌റ്റേഡിയമാണ് വേദി.

Content highlight: Bayern Munich becomes 2nd team to score 900 goals in Champions League/ European Cup history

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more