| Monday, 5th May 2025, 3:18 pm

ഹാരി കെയ്ന്‍, നിങ്ങള്‍ക്കിനി തലയുയര്‍ത്തി നടക്കാം; ചാമ്പ്യന്‍മാരില്‍ ചാമ്പ്യനായി ഇംഗ്ലീഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025-26 ബുണ്ടസ് ലിഗ കിരീടം നേടി ബയേണ്‍ മ്യൂണിച്ച്. ബയേണിന്റെ മ്യൂണിച്ചിന്റെ 34ാമത് ബുണ്ടസ് ലിഗ വിജയമാണിത്. ലീഗില്‍ ശക്തരായ എതിരാളിയും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരുമായ സാബി അലോണ്‍സോയുടെ ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണിന്റെ വിജയം.

ഇന്നലെ നടന്ന മത്സരത്തില്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2 എന്ന സ്‌കോറില്‍ സമനില പാലിച്ചതോടെയാണ് ബയേണിന് ലീഗ് ടൈറ്റില്‍ ലഭിച്ചത്. നിലവില്‍ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ബയേണിന് എട്ട് പോയിന്റ് ലീഡാണുള്ളത്.

അതേസമയം ബയേണിന്റെ 31 കാരനായ ഇംഗ്ലിഷ് സ്‌ട്രൈക്കര്‍ ഹാരി കെയിന് ഈ വിജയം ഏറെ പ്രിയപ്പെട്ടതാണ്. താരത്തിന്റെ കരിയറിലെ ആദ്യ കിരീട നേട്ടമാണിത്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ടോട്ടന്‍ഹാം ഹോട്‌സ്പറിനായും മുമ്പ് കളിച്ചിട്ടുണ്ടെങ്കിലും, ഒരു പ്രധാന ട്രോഫി പോലും കെയിന് നേടാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല പല പ്രധാന ടൂര്‍ണമെന്റുകളിലേയും ഫൈനലുകളില്‍ പരാജയമായിരുന്നു വിധി.

ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഹാരി കെയിന് ഒരു കിരീടമില്ല എന്ന നാണക്കേടും ഇതോടെ അവസാനിച്ചിരിക്കുകയാണ്. 2023ല്‍ റെക്കോഡ് തുകക്കാണ് ഹാരി കെയിന്‍ ബയേണില്‍ എത്തിയത്. എന്നാല്‍ ആ സീസണില്‍ ക്ലബ്ബിന് ഒരു കിരീടവും നേടാനായില്ല.

ബുണ്ടസ് ലിഗയിലെ ഈ സീസണില്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ഹാരിയാണ്. 24 ഗോളുകളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്. ടോപ് സ്‌കോറിങ്ങിലും റെക്കോഡ് നേട്ടത്തോടെ തലയുയര്‍ത്താന്‍ ഹാരിക്ക് സാധിച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ 32 മത്സരങ്ങളില്‍ 23 വിജയവും ഏഴ് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 76 പോയിന്റാണ് ബയേണ്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനക്കാരായ ലെവര്‍കൂസണ്‍ 32 മത്സരങ്ങളില്‍ നിന്ന് 19 വിജയവും 11 സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 68 പോയിന്റാണ് നേടിയത്.

Content Highlight: Bayen Munich Secured Bundesliga Champions Title And Harry Kane Is Top Scorer Of The Team

We use cookies to give you the best possible experience. Learn more