കപ്പച്ചെടിയുടെ ഇല ജനലിലൂടെ പുറത്തേക്ക് നീണ്ടുതുടങ്ങി. ഇളം പച്ച നിറത്തിലുള്ള ഇലകള്‍. അപ്പന്‍ അതിന്റെമേല്‍ പതിയെ സ്പര്‍ശിച്ചു. സ്വന്തം കുഞ്ഞിനെ ആദ്യമായി തൊടുന്ന ഭീതിയോടെ. ആര്‍ത്തി പൂണ്ടി ഒരു നോട്ടം അതിന്റെ രണ്ടു ശിഖരങ്ങളിലൂടെ അപ്പന്‍ പായിച്ചു. നര പടര്‍ന്ന കാഴ്ചകള്‍ക്കു മുമ്പില്‍ ആ കപ്പച്ചെടി എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവും.
ഉലഹന്നാന്‍ കുന്നിന്റെ ചരിവുകളില്‍ കറുത്തമണ്ണില്‍ മഴവീഴുന്ന ദിവസം. മണ്‍കൂനകള്‍ക്കു മേല്‍ അപ്പന്‍ നട്ട കപ്പത്തണ്ടുകളില്‍
മഹാനഗരങ്ങളിലെ ഫ്‌ളാറ്റില്‍ നിന്ന് ആ കപ്പച്ചെടി വളര്‍ന്നു പന്തലിക്കുകയാണ്. അപ്പന്റെ മോഹങ്ങള്‍ പോലെ. അപ്പനെന്തിനാ ഫ്‌ളാറ്റിലെ ഈ മുറിയില്‍ ചാക്കില്‍മണ്ണുനിറച്ച് കപ്പത്തണ്ട് നട്ടുമുളപ്പിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എലിസബത്ത് പലതവണ ദേഷ്യപ്പെടുകയും ചെയ്തു. ” എന്റെ കാലം കഴിയുന്നവരെ ഇത് ഞാന്‍ എവിടെപോയാലും എന്റകൂടെ ഉണ്ടാവും” അപ്പന്‍ അവളോടു പറഞ്ഞു.
അവര്‍ പിറുപിറത്തുകൊണ്ടു കുഞ്ഞു സെലീനയെയും വലിച്ചു അടുക്കളയിലേക്ക് പോയി. അപ്പന്‍ ചിരിച്ചു. ” എന്റെ മോനെ… നിനക്ക് ഓര്‍മയുണ്ടോ… കുഞ്ഞുനാളില് എന്റെ കൂടെ തോട്ടത്തില്‍ വന്ന് നീ മണ്ണുവാരിതിന്നത്… കപ്പച്ചെടിയുടെ ചുവട്ടില്‍ നിന്നു മണ്ണിവാരിയതിന് നിന്നെ അടിച്ചത്….” അപ്പന്റെ ശബ്ദത്തില്‍ തണുത്തു കയറുന്ന മണ്ണിന്റെ ചൂര്. മണ്ണപ്പത്തിന്‍െരയും വയല്‍ചെളിയുടേയും മണം.
വയനാട്ടിലെ മണ്ണ് വിറ്റ് ഈ മഹാനഗരത്തിലെ ഫളാറ്റിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍ അപ്പനെയും അമ്മയെയും കൂട്ടി. മനസ്സില്ലാ മനസ്സോടെയാണ് അവര്‍ വന്നത്. എലിസബത്തിന് അവരെ ഇഷ്ടമായിരുന്നില്ല ഒരിക്കലും. അവള്‍ എന്തുപറഞ്ഞാലും അപ്പന്‍ ഒന്നും മിണ്ടാറില്ല. അമ്മ കത്തിജ്വലിക്കുന്ന ഒരു വാക്കെടുത്ത് അവള്‍ക്കുനേരെ എറിഞ്ഞാലായി.
അമ്മയുടെ ചട്ടയും മുണ്ടും അടുക്കളയിലെ എച്ചില്‍പാത്രങ്ങളിലേക്ക് മുങ്ങിത്താഴുമ്പോള്‍ എലിസബത്ത് ഉറക്കെ പ്‌രാകും. തൊട്ടടുത്ത ഫ്‌ളാറ്റിലെ അശോകന്റെ ഭാര്യ ജനല്‍തുറന്ന് നോക്കുമോ എന്ന് ഭയം ജനിപ്പിക്കുന്നതാണ് എലിസബത്തിന്റെ ഒച്ച. സെലീന ഇടയ്ക്ക് അപ്പന്റെ മടിയില്‍ കയറി ഇരുന്ന് ഉലഹന്നാന്‍ കുന്നിലേക്ക് ഒരു യാത്രപോകും.
വാറ്റുചാരായം മണക്കുന്ന ഇടവഴിയും, ചാഞ്ഞുപെയ്യുന്ന മഴയില്‍ കുതിര്‍ന്ന് വയല്‍വരമ്പും കടന്ന് അവര്‍ പോകുമ്പോള്‍ അമ്മയും അവരോടൊപ്പം കൂടും. എലിസബത്ത് ജോലിസ്ഥലത്തേക്ക് പോയ ഏതെങ്കിലും പകലിന്റെ ഇടനാഴിയിലൂടെയാകും അവര്‍ മൂവരുടേയും യാത്ര.
കുടിയേറ്റത്തിന്റെ കാലങ്ങളില്‍ വയനാടന്‍ മണ്ണിന് യൗവനത്തിന്റെ തീഷ്ണരുചി. സെലീന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഉലഹന്നാന്‍ കുന്നിലേക്ക് പറന്നുകയറും. വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാണിച്ച്, ദിനേശ് ബീഡിയുടെ മണം നിറച്ച് അപ്പന്‍ ചിരിക്കും. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന വയലുകള്‍, വന്‍മരങ്ങള്‍ക്കു കീഴെ ഒളിച്ചിരിക്കുന്ന കറുത്ത മണ്ണ്.
‘ ദേ മനുഷ്യാ, അതിനെ നോട്ടമിടണ്ടാ അത് പുണ്യാളന് നേര്‍ച്ചയാക്കീതാ..’ അമ്മ മുന്നറിയിപ്പിന്റെ ഭാണ്ഡമഴിക്കും
കുറുക്കനും ചീവീടുകളും അണ്ണാനും കാട്ടുപൂച്ചയും കാട്ടുപന്നിയും പേരറിയാത്ത ഒരുപാടു പക്ഷികളും ചേക്കയിരിക്കുന്ന ഉലഹന്നാന്‍കുന്ന. താഴ് വരകളിലെ വയലില്‍ പകലിന്റെ പെയ്‌തൊഴിയലില്‍ തവളകള്‍ ആര്‍ത്തിപിടിച്ച് ഇരുട്ടിനെ തിന്നു തുടങ്ങും. അപ്പന്റെ നെഞ്ചോട് ചേര്‍ന്ന് ഉരുകിയൊളിച്ചിരിക്കുന്ന കറുത്ത മണ്ണ്. കുറുക്കനും ചീവിടുകളും അണ്ണാനും കാട്ടുപൂച്ചയും കാട്ടുപന്നിയും പേരറിയാത്ത ഒരുപാടു പക്ഷികളും ചേക്കേറിയിരിക്കുന്ന ഉലഹന്നാന്‍കുന്ന.
താഴ്‌വരകളിലെ വയലില്‍ പകലിന്റെ പെയ്‌തൊഴിയലില്‍ തവളകള്‍ ആര്‍ത്തിപിടിച്ച് ഇരുട്ടിനെ തിന്നുതുടങ്ങും. അപ്പന്റെ നെഞ്ചോട് ചേര്‍ന്ന് ഉരുകിയൊലിച്ച് ഉറക്കത്തിന്റെ പുതപ്പിലേക്ക് താഴുന്ന രാത്രികള്‍. അക്കരെ കുന്നില്‍നിന്ന് കുറക്കന്റെ ഓരിയിടല്‍. കോഴിക്കൂടിന്റെ ദൈന്യതയോര്‍ത്ത് അമ്മയുടെ പരിദേവനം.
ആളുകളെ ഓടിച്ചിട്ട് കൊത്തുന്ന ചുവന്ന പൂവന്‍കോഴിയെ സെബസ്ത്യനോസിന്റെ പേരിലുള്ള ഇടവകപള്ളിയിലേക്ക് അമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. വാറ്റുചാരായത്തിന്റെ എരിച്ചിലില്‍ വന്നുകയറുന്ന രാത്രികളില്‍ അപ്പന്‍ കോഴിക്കൂട്ടിലേക്ക് കാട്ടുപൂച്ചയെപ്പോലെ പാളിനോക്കും. അപ്പോള്‍ അപ്പന്റെ വായില്‍ വെള്ളമൂറുന്നതായി തോന്നും.
” ദേ മനുഷ്യാ, അതിനെ നോട്ടമിടണ്ടാ അത് പുണ്യാളന് നേര്‍ച്ചയാക്കീതാ..” അമ്മ മുന്നറിയിപ്പിന്റെ ഭാണ്ഡമഴിക്കും. പാടകെട്ടിയ കഞ്ഞിക്കലത്തിലെ അവസാന വറ്റും പുഴുങ്ങിയ കപ്പക്കിഴങ്ങും കാന്താരി മുളകിന്റെ ചമ്മന്തിയും തൊട്ടനക്കി അപ്പന്‍ പൂവന്‍കോഴിയെ ആസ്വാദിക്കും.
അപ്പന്റെ മടിയിലിരുന്ന് ഒരു കപ്പക്കിഴങ്ങിന്റെ മധുരത്തിലേക്കും ചമ്മന്തിയുടെ എരിവിലേക്കും ഇറങ്ങുമ്പോള്‍ വാറ്റുചാരായത്തിന്റെ മണം. അപ്പന്റെ കറുത്ത മീശയില്‍ നിന്ന് വരുന്ന മണം വലിച്ചെടുത്താന്‍ മൂത്തുമുകളിലേക്കുയര്‍ത്തി ശ്വാസം അകത്തേക്കു വലിക്കും. അമ്മ ഇല്ലികൊണ്ട് മറച്ച് ചെളി പുതപ്പിച്ച് ചാണകം മെഴുകിയ ചുമരിന്റെ മറവില്‍ നിന്ന് ഇതൊക്കെ കാണുന്നുണ്ടാവും.
ആ രാത്രികളില്‍ ഉലഹന്നാന്‍ കുന്നിനുമേല്‍ ചേക്കയിരിക്കാന്‍ കൊതിക്കുന്ന ഒരുപാടു പക്ഷികളുണ്ടാവും. താഴെ അങ്കണ്‍വാടിയിലെ കീറിപിന്നിലെ വള്ളി നിക്കറുള്ള കറുപ്പന്റെയും വെള്ളിയുടേയും വീടുകളില്‍ നിന്ന് തുടിയൊച്ച കേള്‍ക്കാം. വയലിനക്കരെ, കൈതക്കൂട്ടങ്ങള്‍ക്ക് നടുവിലൂടെ ഞാഞ്ഞൂലിനെപ്പോലെ ഇഴഞ്ഞുകയറിപ്പോകുന്ന ഇടവഴിയാണ് കറുപ്പനെയും വെള്ളിയെയും അങ്കണ്‍വാടിയില്‍ എത്തിച്ചിരുന്നത്.
ഉപ്പുമാവിന്റെയും പയറിട്ട് പുഴുങ്ങിയ കഞ്ഞിയുടെയും മണം അവരെ വലിച്ചിഴച്ചുകൊണ്ടുവരും അവരൊടൊപ്പം ഉലഹന്നാന്‍കുന്നിറങ്ങി അങ്കണവാടിയിലെത്തും. ഇലപ്പടര്‍പ്പില്‍ പതഞ്ഞുകിടക്കുന്ന പച്ചിലപ്പാമ്പിനെപ്പോലെയുള്ള “ഋ” എന്ന അക്ഷരത്തിനുമേല്‍ ഒരിക്കലും വഴങ്ങാത്ത കൈവിരലുകളും മനസ്സുമായി അടയിരിക്കും. ശാന്തടീച്ചറുടെ കണ്ണുകള്‍ വാരികയിലേക്കു താഴുമ്പോള്‍ കാട്ടുകര്‍പ്പൂരത്തിന്റെ ഇടയിലേക്ക് ഗുഹാമനുഷ്യന്റെ മെയ് വഴക്കത്തോടെ ഊളിയിടും. കറുപ്പനും വെള്ളിയും പിന്നാലെ കൂടും.
‘ മോനെ അപ്പനെ പോലീസ് പിടിച്ചുകൊണ്ടുപോയി. കുന്നിടിച്ച് മണ്ണുമോഷ്ടിച്ചുവത്രേ….’
മണ്ണിലൂടെ ഇഴഞ്ഞ് അങ്ങേ തലക്കെത്തുമ്പോള്‍ ഉലഹന്നാന്‍ കുന്ന് കാണാം. അപ്പന്‍ തലയില്‍ തോര്‍ത്തുമുണ്ട് കെട്ടി, അയഞ്ഞ് തൂങ്ങി കറുപ്പന്റെ വെള്ളിനിക്കര്‍പോലുള്ള നിക്കര്‍ ധരിച്ച് മണ്ണില്‍ ആഞ്ഞുകിളച്ചു. അമ്മ കപ്പത്തണ്ടുകള്‍ നടുന്നു. അവരോടൊപ്പം ചേര്‍ന്നു. അപ്പന്റെ മണ്‍വെട്ടി താഴ്ന്നുപൊന്തുമ്പോള്‍ ഉയരുന്ന മണ്ണിന്റെ മണം ഊറ്റിയെടുത്തു. ” ദേ വല്യമ്മച്ചീ ബട്ടൂര റെഡിയായി. വാ…” സെലീന അടുക്കളയില്‍ നിന്ന് ഉറക്കെ വിളിച്ചു.
നഗരത്തിലെ ബ്രാഹ്മണന്മാരുടെ ഹോട്ടലില്‍ നിന്ന് ബട്ടൂര എന്ന വലിയ പലഹാരം തിന്നതില്‍പ്പിന്നെ സെലീനക്ക് അതുമതി. എലിസബത്ത് പാചകകലയെക്കുറിച്ചുള്ള പുസ്‌കങ്ങളില്‍ പരതി ബട്ടൂര ഉണ്ടാക്കാന്‍ പഠിച്ചു. വലിയപാത്രത്തില്‍ കുമിളയായി വീര്‍ത്തുനില്ക്കുന്ന ബട്ടൂരയിലേക്ക് ചെറുവിരല്‍കൊണ്ട് പതിയെ കുത്തി, പെട്ടെന്ന് കൈ പിന്‍വലിച്ച്, പുറത്തേക്ക് വരുന്ന ആവി മണപ്പിച്ച് സെലീന അത് ആസ്വദിച്ചു.
നഗരത്തിലേക്കു വരുന്നതിനു മുമ്പുതന്നെ ഉലഹന്നാന്‍കുന്ന് പല കഷണങ്ങളായിരുന്നു. ആരൊക്കെയോ മുറിച്ചെടുത്ത ഓര്‍മകള്‍. ഒരിറക്ക് വാറ്റുചാരായം നിറച്ച അക്ഷരം വ്യക്തമല്ലാത്ത ഏതൊക്കെയോ കടലാസുകളില്‍ അപ്പന്‍ വിരലടയാളം പതിച്ചു. ചുരമിറങ്ങുമ്പോള്‍ അപ്പന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ഉലഹന്നാന്‍കുന്നിന്റെ നെറുകയില്‍ നിന്നുള്ള കുറെ മണ്ണുവേണം. എന്തിനെന്ന് ചോദിച്ചില്ല. കുറെ കപ്പത്തണ്ടും സംഘടിപ്പിച്ചാണ് അപ്പന്‍ ഫ്‌ളാറ്റിലേക്ക് കയറിയത്. മുറിയില്‍ ചാക്കുകളില്‍ മണ്ണ് നിറച്ച് അപ്പന്‍ കപ്പനട്ടു. ഉലഹന്നാന്‍കുന്നിന്റെ മുകളിലെ അതേ ആരവത്തോടെ.
വൃദ്ധ മാതാപിതാക്കളെ വഴിയില്‍ ഉപേക്ഷിച്ച് കാറില്‍ പറന്നുപോയ മക്കളുടെ വീരസാഹസികകഥ പത്രത്തില്‍ ഉറക്കെ വായിച്ച് എലിസബത്ത് പറഞ്ഞു, ” ഇബടെ രണ്ടെണ്ണം ഉണ്ട്. ആരും കൊണ്ടുപോവാനില്ലല്ലോ…” അപ്പന്‍ അത് കേട്ടില്ലെന്ന് നടിക്കും. ചിലപ്പോള്‍ ഒരു ചിരിയുടെ കനം തൂങ്ങുന്ന വാക്കെറിയും ” വലിയ കിഴങ്ങായിരിക്കും. സ്ഥലമേതായാലും മണ്ണ് എന്റെ വിയര്‍പ്പു വീണതല്ലേ..” അപ്പന്‍ ചെടിയെ തലോടി ആരൊടെന്നില്ലാതെ പറയും, ” ഇന്ന് രാത്രി നമുക്ക് പറിക്കാം. പുഴുങ്ങി കാന്താരി ചമ്മന്തിയും വെള്ളമൂറി. ” നേരത്തെ വരണം” അപ്പന്‍ ഓര്‍മിപ്പിച്ചു.
കുഞ്ഞുസെലീനയുടെ കരച്ചില്‍കേട്ടു. ‘എനിക്ക് ഇന്ന് കപ്പക്കിഴങ്ങും ചമ്മന്തീം മതി.’
ധൃതിപിടിച്ച് ഫ്‌ളാറ്റില്‍ നിന്നിറങ്ങുമ്പോഴും ജോലിസ്ഥലത്ത് തിരക്കില്‍ പഞ്ഞിമിഠായി പോലെ അലിയുമ്പോഴും ഉലഹന്നാന്‍കുന്നും അപ്പന്റെ മണ്ണിന്റെ നിറമുള്ള ചിരിയും അകലെ കാണാം. മൊബൈല്‍ കീശയില്‍ നിന്നു ചിരിച്ചു. ഫ്‌ളാറ്റില്‍ നിന്ന് അമ്മ. ” മോനെ അപ്പനെ പോലീസ് പിടിച്ചുകൊണ്ടുപോയി. കുന്നിടിച്ച് മണ്ണുമോഷ്ടിച്ചുവത്രേ….” ഇഴപൊട്ടിപ്പോകുന്ന കരച്ചില്‍.
പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ അപ്പനെ ആസ്പത്രിയിലാക്കിയെന്ന് എസ്.ഐ പറഞ്ഞു. ഉലഹന്നാന്‍ കുന്നിടിച്ച് അനുമതിയില്ലാതെ മണ്ണ് കൊണ്ടോപോയതാണ് കേസ്. നാട്ടുകാരില്‍ ആരോ നല്‍കിയ പരാതി. രണ്ടു ചുവട് കപ്പ നടാനുള്ള മണ്ണ് മാത്രമാണ് എടുത്തതെന്ന് പറഞ്ഞുനോക്കിയെങ്കിലും പരാതിയും അതിനൊപ്പം ചേര്‍ത്ത ഫോട്ടോയും ചൂണ്ടിക്കാണിച്ച് എസ്.ഐ പറഞ്ഞു: “ഇതു കണ്ടോ കുന്നുണ്ടാക്കിയ സ്ഥലം കുഴിയായി മാറിയിരിക്കുന്നു. നിങ്ങളുടെ അപ്പനല്ലാതെ ആരാ ഇത് ചെയ്തത്?
നഗരത്തിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് വരുമ്പോഴുള്ള കുന്നിന്റെ പച്ചപ്പ് മനസ്സിലേക്ക് വന്നു. അവിടെയാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. അര നൂറ്റാണ്ടിലധികം അപ്പന്‍ വിയര്‍പ്പൊഴുക്കിയ കുന്നുംപറമ്പും അവിടെയില്ല. ആസ്പത്രി കിടക്കയില്‍ അപ്പന്‍ പതിയെ പറഞ്ഞു. ” എനിക്ക് ഒരു കപ്പക്കിഴങ്ങ് ചുട്ടുതരണം. കാന്താരിച്ചമ്മന്തിയും. ” ധൃതിപിടിച്ച് ഫളാറ്റിലെത്തിയപ്പോള്‍ അവിടെ കപ്പച്ചെടികള്‍ മുളച്ചുനിന്നിരുന്നത് കാണാനില്ല. ” പോലീസുകാര്‍ വന്നുപോയതറിഞ്ഞപ്പോ ഞാന്‍ അതെടുത്തു കളഞ്ഞു.” എലിസബത്ത് പറഞ്ഞു. അപ്പോള്‍ അടുക്കളയില്‍ നിന്ന് ബട്ടൂരയുടെ മണത്തോടൊപ്പം കുഞ്ഞുസെലീനയുടെ കരച്ചില്‍കേട്ടു. “എനിക്ക് ഇന്ന് കപ്പക്കിഴങ്ങും ചമ്മന്തീം മതി.”
( കഥാകൃത്തിന്റെ ഇ മെയില്‍ വിലാസം <aneeshvayal@gmail.com > ഫോണ്‍: +91 9495456908 )
വര/ മജിനി തിരുവങ്ങൂര്‍
ബട്ടൂര/ കഥ/ അനീഷ് ജോസഫ്
Batura/ Malayalam Story/ Aneesh Joseph / Malayalam News