മാസ് കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറുകളല്ലാത്ത മറ്റൊരു സിനിമക്കും അര്‍ഹിച്ച വിജയം നല്‍കാത്ത പ്രേക്ഷകരാണ് തമിഴിലുള്ളത്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ മാത്രമേ വലിയ വിജയം കൈവരിക്കാറുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ ചെറിയ സിനിമകള്‍ അര്‍ഹിച്ച വിജയം നേടാതെ കളംവിടുന്നത് തമിഴില്‍ സ്ഥിരം കാഴ്ചയാണ്.
ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് വിജയ് സേതുപതിയുടെ ബത്ത. ബാലാജീ തരണീതരന്‍ സംവിധാനം ചെയ്ത് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫീല്‍ ഗുഡിന്റെ എക്‌സ്ട്രീം നല്‍കുന്ന സിനിമയായിരുന്നിട്ടും അര്‍ഹിച്ച കളക്ഷന്‍ ബത്തക്ക് ലഭിക്കുന്നില്ല.
നല്ല സിനിമകളെ ബോക്‌സ് ഓഫീസില്‍ കൈവിടുകയും അതേ ഴോണറില്‍ മറ്റേതെങ്കിലും ഭാഷയില്‍ റിലീസാകുമ്പോള്‍ പണ്ട് കൈയൊഴിഞ്ഞ സിനിമയെ പുകഴ്ത്തുകയും ചെയ്യുന്ന ശീലമാണ് ഇപ്പോള്‍ തമിഴ് സിനിമാപ്രേക്ഷകരുടേത്. ലോകഃ സെന്‍സേഷനായപ്പോള്‍ മാവീരന്‍, വീരന്‍ എന്നീ സിനിമകളെ വെച്ച് താരതമ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
റിലീസ് സമയത്ത് അര്‍ഹിച്ച കളക്ഷന്‍ ലഭിക്കാത്ത ചിത്രങ്ങളായിരുന്നു ഇത് രണ്ടും. എന്നാല്‍ ലോകഃയുടെ റീച്ച് കണ്ട് ഈ രണ്ട് സിനിമകളെയും ക്ലാസിക്കായി ഉയര്‍ത്തിയ തമിഴ് പേജുകള്‍ക്ക് വലിയ ട്രോളുകള്‍ ലഭിച്ചിരുന്നു.
ഇന്‍ഡസ്ട്രി ഹിറ്റായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടിയിലെത്തിയപ്പോഴും ഇത്തരത്തില്‍ താരതമ്യ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബെത്‌ലഹേമിനെക്കാള്‍ ഗംഭീര സിനിമയാണ് മൊത രാത്രിയെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. കേരളത്തെക്കാള്‍ വലിയ ജനസംഖ്യയും തിയേറ്ററുകളുമുള്ള തമിഴ്‌നാട്ടില്‍ ആകെ എട്ട് കോടി മാത്രമാണ് മൊത രാത്രിക്ക് നേടാനായത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്ന ഗംഭീര സിനിമകളിലൊന്നായ മെയ്യഴഗനെയും തമിഴ് പ്രേക്ഷകര്‍ കൈവിട്ടിരുന്നു. അതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ബത്തയും നേരിടുന്നത്. ഒരു നെഗറ്റീവ് പോലും പറയാനില്ലാത്ത ചുരുക്കം സിനിമകളിലൊന്നാണ് ബത്തയെന്ന് സംശയമില്ലാതെ പറയാനാകും. ഓരോ കഥാപാത്രങ്ങളും അവരുടെ മികച്ച പ്രകടനം പുറത്തെടുത്ത ബത്ത മനസ് നിറച്ച സിനിമാനുഭവമാണ്.
1986ല്‍ മദ്രാസിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ബത്തയുടേത്. ബത്ത എന്ന റൗഡിയുടെയും ആറ് വയസുകാരന്‍ ശബരിയെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വിജയ് സേതുപതിയെക്കാള്‍ പലരുടെയും മനസ് നിറച്ചത് ശബരിയായി വേഷമിട്ട സായ് പൃഥ്വിരാജാണ്. ലിജോമോള്‍ ജോസ്, ശാന്തി ബാലചന്ദ്രന്‍, ഹരിശങ്കര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം പലരുടെയും ഫേവറെറ്റാകുമെന്ന് ഉറപ്പാണ്.
Content Highlight: Baththa movie underperforming in Box Office