| Thursday, 28th May 2026, 9:28 am

എന്റെ ഇംഗ്ലീഷിനെ ജഡ്ജ് ചെയ്യുന്നവർ ചെയ്‌തോട്ടെ, എനിക്ക് എന്റെ സിനിമകളിൽ ആത്മവിശ്വാസമുണ്ട്: ബേസിൽ ജോസഫ്

നന്ദന എം.സി

നടനായും സംവിധായകനായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ബേസിൽ ജോസഫ്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബേസിൽ ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ സാന്നിധ്യമാണ്. സംവിധായകനായും നടനായും ഒരുപോലെ വിജയിച്ച താരം യുവ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ ഇംഗ്ലീഷിനെ കുറ്റം പറയുന്നവരെ കുറിച്ചും അതിനെ നേരിടുന്ന ആത്മവിശ്വാസത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ബേസിൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ബേസിൽ ജോസഫ്, Photo: Basil joseph/ Facebook

മറ്റ് ഭാഷകളിലെ പ്രേക്ഷകരുമായി ഇടപഴകാൻ ആദ്യകാലത്ത് വലിയ പേടി ഉണ്ടായിരുന്നുവെന്ന് ബേസിൽ പറഞ്ഞു. പ്രത്യേകിച്ച് ഇംഗ്ലീഷിൽ സംസാരിക്കേണ്ട സാഹചര്യങ്ങൾ വന്നപ്പോൾ ആളുകൾ തന്നെ ഭാഷയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.

എന്നാൽ പിന്നീട് ആ പേടി മാറിയെന്നും ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്നുണ്ടെന്നും ബേസിൽ പറഞ്ഞു.

‘മറ്റ് ഭാഷകളിലെ ഓഡിയൻസുമായി ഇന്ററാക്ട് ചെയ്യാൻ ആദ്യം നല്ല പേടി ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷെ എന്താണെന്ന് വെച്ചാൽ അവിടെ ഒകെ ചെല്ലുമ്പോൾ ആ പേടി ഇല്ല. ആ തടസം പോയി. അത് കാരണം നമുക്ക് നമ്മളായിട്ട് തന്നെ സംസാരിക്കാം.

അവർ എന്നെ എന്ത് വേണമെങ്കിലും ജഡ്ജ് ചെയ്തോട്ടെ, എന്റെ ഭാഷയെ പറഞ്ഞോട്ടെ, എന്റെ ഇംഗ്ലീഷിനെ ജഡ്ജ് ചെയ്തോട്ടെ ഏതുമായിക്കോട്ടെ. ഇപ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് വന്നു സംസാരിക്കുമ്പോൾ,’ എന്നാണ് ബേസിൽ പറഞ്ഞത്.

മുമ്പ് ഭാഷയിൽ വളരെ അധികം ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും, ആളുകൾ അതിനെ അടിസ്ഥാനമാക്കി തന്നെ വിലയിരുത്തുമോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘മുമ്പ് ആ ഭാഷയിൽ വളരെ അതികം ശ്രദ്ധിക്കുമായിരുന്നു. പേടിക്കുമായിരുന്നു. അവർ അത് വെച്ച് നമ്മളെ ജഡ്ജ് ചെയ്യുമോ എന്നൊക്കെയുള്ള ചിന്ത ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല.

ഞാൻ പോയി എനിക്ക് പറ്റുന്ന പോലെ സംസാരിക്കും. എനിക്ക് പറ്റുന്ന ഭാഷയിൽ സംസാരിക്കും. നിങ്ങൾ അത് വെച്ചിട്ട് എന്നെ ജഡ്ജ് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല,’ എന്നും ബേസിൽ വ്യക്തമാക്കി.

താൻ ചെയ്യുന്ന സിനിമകളിലാണ് ഏറ്റവും കൂടുതൽ ആത്മവിശ്വാസമെന്നും താരം പറഞ്ഞു. ‘ഞാൻ ചെയ്യുന്ന സിനിമ കണ്ടിട്ട് എന്നെ ജഡ്ജ് ചെയ്താൽ മതി. അതിൽ നമുക്ക് കുറച്ചു കൂടി ഒരു കോൺഫിഡൻസ് ഉണ്ടല്ലോ,’ എന്നാണ് ബേസിലിന്റെ വാക്കുകൾ.

Content Highlight: Basil says he has faith in his film, even if those who criticize his English say otherwise.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more