| Monday, 27th April 2026, 10:58 pm

ഒരു വലിയ പടമുണ്ട്, അതിനെപ്പറ്റി ഇപ്പോള്‍ പറയാനായിട്ടില്ലെന്ന് ബേസില്‍, രജിനിക്കൊപ്പമുള്ള സിനിമയാണോയെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സംവിധായകനായി പ്രേക്ഷകമനസില്‍ സ്ഥാനം പിടിക്കുകയും പിന്നീട് നടനായി വിസ്മയിപ്പിക്കുകയും ചെയ്ത താരമാണ് ബേസില്‍ ജോസഫ്. സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഒന്നിനൊന്ന് മെച്ചമാക്കിയ ബേസില്‍ ഇപ്പോള്‍ നടനെന്ന നിലയില്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാവുകയാണ്. പൊന്മാനിലൂടെ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ബേസില്‍ തമിഴിലും തന്റെ സാന്നിധ്യമറിയിക്കുകയാണ്.

ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിയില്‍ ബേസിലിന്റെ അതിഥിവേഷത്തിന് മികച്ച പ്രതികരണമായിരുന്നു. കഴിഞ്ഞദിവസം ബിഹൈന്‍ഡ്‌വുഡ്‌സ് സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ തന്റെ ലൈനപ്പിലുള്ള സിനിമകളെക്കുറിച്ച് ബേസില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെയും സിനിമാപേജുകളിലെയും പ്രധാന ചര്‍ച്ചാവിഷയം.

‘ഇനി റിലീസാകാനുള്ളത് അതിരടിയാണ്. ടൊവിനോയും ഞാനുമാണ് ആ സിനിമയിലെ പ്രധാന താരങ്ങള്‍. മെയ് മാസത്തില്‍ ആ ചിത്രം റിലീസാകും. പിന്നീടുള്ളത് ഒരു തമിഴ് ചിത്രമാണ്, രാവഡി. അതില്‍ കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ് എന്റേത്. മെയ് മാസത്തിലോ ജൂണിലോ രാവഡി തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. പിന്നെ ഒരു വലിയ സിനിമ കൂടിയുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ പറയാനായിട്ടില്ല’ എന്നാണ് ബേസില്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ബേസില്‍ സൂചിപ്പിച്ച വലിയ തമിഴ് സിനിമ ഏതെന്നാണ് പലരും ചര്‍ച്ച ചെയ്യുന്നത്. രജിനികാന്ത് നായകനാകുന്ന തലൈവര്‍ 173 ആണോ എന്ന് പലരും ചോദിക്കുന്നുണ്ട്. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനിയുടെ മകനായി ബേസില്‍ വേഷമിടുന്നുണ്ടെന്ന തരത്തില്‍ റൂമറുകള്‍ സജീവമായിരുന്നു.

എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് സിബി ചക്രവര്‍ത്തി പിന്മാറിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സിബി ഒരുക്കിയ സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ രജിനി ആവശ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്ന് സിബി പിന്മാറിയെന്നുമാണ് തമിഴ് യൂട്യൂബ് പേജായ വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

നടനെന്ന നിലയില്‍ ബേസിലിന്റെ മുന്നിലുള്ള വലിയ അവസരമാണ് തലൈവര്‍ 173. ശോഭനയാകും ഈ ചിത്രത്തിലെ നായികയെന്നും അഭ്യൂഹങ്ങളുണ്ട്. രജിനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രമാണ് തലൈവര്‍ 173. പല സംവിധായകരുടെയും പേരുകള്‍ക്കൊടുവിലാണ് സിബിയെ ഇരുവരും തീരുമാനിച്ചത്. അചുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Content Highlight: Basil’s new speech discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more