| Tuesday, 28th April 2026, 8:43 pm

ആമാ ആമാ ചേട്ടന്‍ എങ്കെ ഇറുക്കും അങ്കെ ഞാനും ഇറുക്കും ; വേള്‍ഡ് കപ്പ് തൂക്കിയ പോലെ ചെന്നൈ കപ്പ് തൂക്കുമെന്ന് ബേസില്‍ ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ യുവസംവിധായകരില്‍ ഏറെ പ്രേക്ഷകപിന്തുണ ലഭിക്കുന്ന വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബേസില്‍ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊന്മാനിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തിലൂടെ തന്റെ അഭിനയത്തിലുള്ള പൊട്ടന്‍ഷ്യല്‍ തെളിയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് രാജ്യാന്തര തലത്തില്‍ നിരൂപക പ്രശംസ നേടാനും താരത്തിന് സാധിച്ചിരുന്നു.

സഞ്ജു സാംസണ്‍. Photo: The Indian Express

സിനിമാജീവിതത്തിന് പുറത്ത് ബേസിലുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി താരത്തിനുള്ള സൗഹൃദം. ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖവും കഴിഞ്ഞ ടി20 വേള്‍ഡ് കപ്പില്‍ സഞ്ജുവിനെ പ്രേത്സാഹിപ്പിക്കാനായി ബേസില്‍ സ്റ്റേഡിയത്തിലെത്തിയതുമെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന ഇവന്റില്‍ സഞ്ജുവിനെക്കുറിച്ചും താരത്തിന്റെ പുതിയ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ചും ബേസില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സഞ്ജു സാംസണ്‍ ചെന്നൈയിലേക്ക് ടീം മാറിയതിനാല്‍ അദ്ദേഹത്തോടൊപ്പം നിങ്ങളും ടീം മാറിയോ എന്ന അവതാരകയുടെ ചോദ്യത്തിന് ആമാ ആമാ ചേട്ടന്‍ എങ്കെ ഇറുക്കും അങ്കെ ഞാനും ഇറുക്കും, വേറെവര്‍ ഹീ ഗോസ് അയാം ദേര്‍ എന്നായിരുന്നു ബേസില്‍ മറുപടി പറഞ്ഞത്. സഞ്ജു ചേട്ടന്‍ ഇപ്പോള്‍ ചെന്നൈയിലുണ്ട്, തല ധോണിയും ഓള്‍റെഡി ചെന്നൈയിലുണ്ട്. ചേട്ടന്റെ കൂടെ ഫ്രീയായി ഒരു സപ്പോര്‍ട്ട് ടീമിന് വന്നിട്ടുണ്ട്. ആദ്യം ഈ പിന്തുണ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇത് ചെന്നെക്ക് ലഭിച്ചിരിക്കുകയാണെന്നും ഇനി വിസിലടിക്കാന്‍ പോകുകയാണെന്നും താരം പറഞ്ഞു. ഇന്ത്യ വേള്‍ഡ് കപ്പ് തൂക്കിയ പോലെ ഐ.പി.എല്‍ കപ്പ് ചെന്നൈ തൂക്കാന്‍ പോകുകയാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ്‍. Photo: bcci/x.com

ഇന്ത്യയിലും ശ്രീലങ്കയിലുമായി ഈ വര്‍ഷമാദ്യം നടന്ന ലോകകപ്പില്‍ സിനിമയെ വെല്ലുന്ന തിരിച്ചുവരവാണ് സഞ്ജു നടത്തിയിരുന്നത്. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന താരം നിര്‍ണായകമായ നോക്കൊട്ട് മത്സരങ്ങളിലടക്കം 97*, 89, 89 തുടങ്ങി സ്‌കോര്‍ ചെയ്ത് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയായിരുന്നു.

Content Highlight: Basil Joseph talks about Sanju samson’s arrival in Chennai super kings

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more