| Thursday, 7th May 2026, 10:34 pm

ആറ് മാസം കഴിഞ്ഞപ്പോള്‍ പഠിപ്പിച്ച ടീച്ചര്‍ തബലക്കാരന്റെ ഒപ്പം ഒളിച്ചോടിപ്പോയി: സംഗീതം പഠിക്കാന്‍ പോയ ഓര്‍മ പങ്കുവെച്ച് ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ സംവിധായകനാണ് ബേസില്‍ ജോസഫ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത് അഭിനയത്തിലാണ് ബേസില്‍ ജോസഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊന്മാനടക്കം അഭിനയപ്രാധാന്യമുള്ള പല ചിത്രങ്ങളുടെയും ഭാഗമായ ബേസില്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന അതിരടി.

അതിരടി. Photo: IMDB

ബേസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റുകളും പ്രൊമോഷന്‍ പരിപാടികളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോളേജ് കുമാരനായി ബേസില്‍ വേഷമിടുന്ന ചിത്രത്തിലെ ഇതിനോടകം പുറത്തുവന്ന രണ്ട് ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ടൊവിനോ, ഷാന്‍ റഹ്‌മാന്‍, ബേസില്‍, വിനീത്, റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങള്‍ക്കും വലിയ കാഴ്ച്ചക്കാരെ സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്.

ഇത്തരത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അഭിമുഖത്തിനിടെ അവതാരകനും റിയ ഷിബുവും ബേസിലിനോട് പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബേസില്‍ പാടാതിരിക്കാന്‍ കാരണമായി പറഞ്ഞ കാര്യങ്ങളാണ് പലരിലും ചരിയുണര്‍ത്തുന്നത്.

ബേസില്‍ ജോസഫ്. Photo: Saregama malayalam/ Youtube.com

താന്‍ കര്‍ണാടിക് സംഗീതം പഠിക്കാന്‍ ചെറിയ പ്രായത്തില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ പഠിപ്പിച്ച ടീച്ചര്‍ തബലക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയെന്നുമാണ് ബേസില്‍ കാരണമായി പറഞ്ഞത്. അതുകൊണ്ട് സംഗീതം പഠിക്കുന്നത് കംപ്ലീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഫസ്റ്റ് രാഗം എത്തിയപ്പോള്‍ തന്നെ തന്റെ ഉള്ളിലെ ഗായകനെ ചവിട്ടിയെന്നും ബേസില്‍ പറയുന്നു. സ, രി, ഗ, മ, പ, ധ, നി, സ, വരെ പോയ ശേഷം സയില്‍ നില്‍ക്കുകയാണെന്നും മറ്റേ സായില്‍ എത്താനുള്ള വഴി അറിയാതെ തകൃതം എന്ന തബലയുടെ സൗണ്ട് കേട്ട് നിന്നപ്പോള്‍ അച്ഛന്‍ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം തമാശയോടെ പറഞ്ഞു.

Content Highlight: Basil Joseph talks about his experience when he went to study music

We use cookies to give you the best possible experience. Learn more