മൂന്നേ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഇടയിലേക്ക് ടിക്കറ്റെടുത്ത അഭിനേതാവാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങി സംവിധായകനായ മൂന്ന് ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമാക്കിയ താരം അഭിനയത്തിലും കഴിവ് തെളിയിച്ചിരുന്നു. മിന്നല്‍ മുരളിയ്ക്ക് ശേഷം അഭിനയിത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ബേസിലിന്റെ ഒട്ടനവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊന്മാനിലൂടെ തന്റെ ഉള്ളിലെ അഭിനേതാവിന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കാനും താരത്തിന് സാധിച്ചിരുന്നു. വലിയ പ്രശംസയാണ് ചിത്രത്തിലെ പ്രകടനത്തിന് ബേസിലിനെ തേടിയെത്തിയത്. താരത്തിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, റിയ ഷിബു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി മെയ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് അതിരടി. ചിത്രത്തിലെ ബേസിലിന്റെ ലുക്കും പുറത്തിറങ്ങിയ ഗാനങ്ങളുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിരടി. Photo: IMDB
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയവും സംവിധാനവും നിര്‍മാണവും ഒന്നിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ച ചോദ്യത്തിന് ബേസില്‍ നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു സമയത്ത് എല്ലാ മാസങ്ങളിലും ചിത്രം വന്നിരുന്നു. അതിന് ശേഷം എല്ലാ ആഴ്ച്ചകളിലും വരാന്‍ തുടങ്ങി. ആദ്യം എന്നെ മന്ത്‌ലി സ്റ്റാറെന്നായിരുന്നു വിളിച്ചിരുന്നത്. പിന്നെ ആഴ്ച്ചയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ വീക്ക്‌ലി സ്റ്റാറെന്ന് വിളിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് എനിക്ക് ഒരു ബ്രേക്ക് വേണമെന്ന് തീരിമാനിച്ചത്. ഇപ്പോള്‍ ആനുവല്‍ സ്റ്റാറായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു മരണമാസ് റിലീസായത്. അതിന് ശേഷം ഈ വര്‍ഷം മെയില്‍ അടുത്ത ചിത്രം വരുന്നത്. മനഃപൂര്‍വം എടുത്ത ഇടവേളയാണത്. കാരണം ഒരേ സമയം അത്രയധികം ചിത്രങ്ങള്‍ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് വളരെയധികം ബുദ്ധിമുട്ടാണ്,’ബേസില്‍ ജോസഫ് പറഞ്ഞു.
അതിരടി. Photo: X.com
നിര്‍മാതാവായി ബേസില്‍ ജോസഫ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായ അതിരടി സംവിധാനം ചെയ്യുന്നത് മിന്നല്‍ മുരളിയില്‍ താരത്തിന്റെ സംവിധാന സഹായിയായിരുന്ന അരുണ്‍ അനിരുദ്ധനാണ്.
Content Highlight: Basil Joseph talks about his break from acting and hectic career