| Saturday, 16th May 2026, 9:28 am

പ്രാർത്ഥിച്ചിട്ട് പോകാം വലിയ സിനിമ ചെയ്യാൻ പോകുകയാണ് എന്നായിരുന്നു വിനീതേട്ടൻ പറഞ്ഞത്, ആ നിമിഷം വല്ലാത്തൊരു അനുഭവമായിരുന്നു: ബേസിൽ ജോസഫ്

നന്ദന എം.സി

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. നടൻ, സംവിധായകൻ, ഗായകൻ, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വിനീതിന് കഴിഞ്ഞിട്ടുണ്ട്. നടൻ ശ്രീനിവാസന്റെ മകൻ എന്നതോടൊപ്പം കുടുംബ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ ഒരാളെന്ന അടുപ്പമാണ് വിനീതിനോടുള്ളത്.

ബേസിൽ ജോസഫ്, Photo: The Indian Exspres

ഇപ്പോഴിതാ വിനീതിനെ കുറിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു വിനീതുമായുള്ള ആത്മബന്ധത്തെ കുറിച്ച് ബേസിൽ തുറന്ന് പറഞ്ഞത്.

‘ഈ അടുത്ത് ഞങ്ങൾ ഫാമിലിയോടെ ചെന്നൈയിൽ പോയപ്പോൾ വിനീതേട്ടന്റെ വീട്ടിൽ പോയിരുന്നു. ഞാൻ ഒരു വലിയ സിനിമ ചെയ്യാൻ പോകുന്ന സമയമാണ്.

വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്ത് വിനീതേട്ടൻ പറഞ്ഞത് ‘നമുക്ക് രണ്ട് മിനിറ്റ് ദൈവത്തിന്റെ മുന്നിൽ പ്രാർത്ഥിച്ചിട്ട് പോകാം. നീ വലിയൊരു സിനിമ ചെയ്യാൻ പോകുകയല്ലേ’ എന്നായിരുന്നു,’ ബേസിൽ പറഞ്ഞു.

സിനിമാ മേഖലയ്ക്കുള്ളിൽ നിന്ന് ഇത്തരമൊരു നിമിഷം തനിക്ക് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ബേസിൽ വ്യക്തമാക്കി. ‘സിനിമയ്ക്കകത്ത് ഉള്ള ഒരാളും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.

ഒരാൾ നമ്മളെ ആത്മാർത്ഥമായി കെയർ ചെയ്യുന്നു എന്ന തോന്നലായിരുന്നു അത്. ഞാൻ, ഭാര്യ, കുഞ്ഞ് എല്ലാവരും ഇറങ്ങാൻ നേരത്ത് രണ്ട് മിനിറ്റ് പ്രാർത്ഥിച്ചിട്ട് പോകാമെന്ന് പറഞ്ഞ ആ നിമിഷം എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു.

അതിരടി, Photo: YouTube/ Screengrab

നീ എവിടെയൊക്കെയാണ് ഇനി പോകാൻ പോകുന്നത് എന്ന് നിനക്ക് പോലും അറിയില്ല, പക്ഷേ പ്രാർത്ഥിച്ചിട്ട് പോകാം എന്ന് പറഞ്ഞത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.

അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. വിനീതിനെ പോലെ ഒരാളെ ജീവിതത്തിൽ ലഭിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്,’ എന്നായിരുന്നു ബേസിലിന്റെ വാക്കുകൾ.

അതേസമയം ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തിയ പുതിയ ചിത്രം അതിരടി മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ടോവിനോ തോമസും പ്രധാന കഥാപാത്രമായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച സ്വീകരണമാണ് നേടുന്നത്.

Content Highlight: Basil joseph talk about Vineeth sreenivaasan

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more