മലയാള സിനിമയിൽ നടനായും സംവിധായകനായും തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ബേസിൽ ജോസഫ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക അഭിനയശൈലിയിലൂടെയും പ്രേക്ഷക മനസിൽ ഇടം നേടിയ ബേസിൽ, സിനിമയ്ക്കു പുറത്തും തന്റെ ലളിതമായ സംസാരശൈലിയിലൂടെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ ബാല്യകാല ജീവിതത്തെക്കുറിച്ചും ഒരു പള്ളിലച്ഛന്റെ മകനായി വളർന്നതിന്റെ അനുഭവങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ബേസിൽ ജോസഫ്, Photo: Basil joseph/ Facebook
‘മൈ ഫാദർ ഈസ് എ ഫാദർ’ എന്ന് തമാശയായി പറഞ്ഞുകൊണ്ടാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. പള്ളിലച്ചന്റെ മകൻ ആയതുകൊണ്ട് എല്ലാവർക്കും തന്റെ മുന്നിൽ ഒരു ഗുഡ് ബോയ് ഇമേജാണ് ഉണ്ടായിരുന്നതെന്നും, അതുകൊണ്ട് ആരും തന്റെ അടുത്ത് ‘അലമ്പ്’ കാണിക്കാറില്ലായിരുന്നുവെന്നും ബേസിൽ പറഞ്ഞു.
‘ഒരു പള്ളിലച്ചന്റെ മകൻ ആകുമ്പോൾ എന്താണെന്നു വെച്ചാൽ ആരും എന്റെ അടുത്ത് അലമ്പിനൊന്നും വരില്ല. ഒരു ഗുഡ് ബോയ് ഇമേജ് ആയിരുന്നു എല്ലായിടത്തും. കൃത്യമായി എല്ലായിടത്തും, പള്ളിയിലും ഇന്ന സമയത്ത് വരണം എന്ന രീതിയിലായിരുന്നു ജീവിതം.
ഞാൻ ക്വയറിൽ ഒക്കെ ഉണ്ടായിരുന്നു. അവിടെ പാട്ട് പാടുക, കീബോർഡ് വായിക്കുക, എല്ലാത്തിലും മുൻപന്തിയിൽ നിൽക്കുക, എന്ത് കോമ്പറ്റീഷൻ ഉണ്ടെങ്കിലും അവിടെ ആദ്യം തന്നെ ഉണ്ടാകും.
പ്രസംഗ മത്സരത്തിനും പാട്ട് മത്സരത്തിനും എല്ലാത്തിനും ഉണ്ടാകുമായിരുന്നു. ഇതെല്ലാം വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അങ്ങനത്തെ ഒരു ചൈൽഡ് ഹുഡ് ആയിരുന്നു,’ ബേസിൽ പറഞ്ഞു.
ബേസിൽ ജോസഫ് അച്ഛനോടൊപ്പം , Photo: Basil joseph/ Fcaebook
തന്റെ അടുത്ത സുഹൃത്തുക്കൾ പോലും മറ്റുള്ളവരോട് സംസാരിക്കുന്ന കാര്യങ്ങൾ തന്റെ മുന്നിൽ പറയാറില്ലായിരുന്നുവെന്നും ബേസിൽ തുറന്നു പറഞ്ഞു. ‘എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് പോലും അവന്റെ വേറെ സൈഡ് ഒന്നും എന്റെ അടുത്ത് ഇത് വരെ കാണിച്ചിരുന്നില്ല.
അവൻ ഒരിക്കലും എക്സ്പ്രസ് ചെയ്തിട്ടില്ല. പിന്നീട് ആണ് പലതും മനസിലായത്. ആരും ഒന്നും എന്റെ അടുത്ത് പറയില്ലായിരുന്നു. പലരും പറയുന്ന പലതും എനിക്ക് മനസിലാകില്ലായിരുന്നു. ടീച്ചർ വരെ പറഞ്ഞിട്ടുണ്ട് അതൊന്നും മനസിലാക്കാൻ നീ ആയിട്ടില്ല എന്ന്,’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
അതേസമയം, ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമായ അതിരടി തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മെയ് 14നാണ് റിലീസ് ചെയ്തത്.
ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ മാസ് കോമഡി ആക്ഷൻ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ റിയ ഷിബു അവതരിപ്പിച്ച കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Basil joseph talk about his Father