മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ തന്റെ കുടുംബത്തോടൊപ്പം മമ്മൂട്ടിയുടെ കൂടെയുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തന്റെ മകളും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും ബേസില്‍ പോസ്റ്റില്‍ കുറിച്ചു.
‘ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചു. ഏറ്റവും സൗമ്യവും മനോഹരവുമായ ആ നിമിഷം ഞങ്ങളുടെ കുടുംബം എന്നേക്കും ഓര്‍ത്തുവയ്ക്കും. എന്റെ മകള്‍ അദ്ദേഹത്തെ നോക്കി നിഷ്‌കളങ്കമായി ‘നിങ്ങളുടെ പേരെന്താണ്? എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘മമ്മൂട്ടി.
ആ എളിമയുള്ള മറുപടി ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ഓര്‍മയായി ഞങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞു. ഹോപ്പിയും മമ്മൂക്കയും ഒരുമിച്ച് കുറെ സെല്‍ഫികള്‍ എടുത്തു. രണ്ട് മണിക്കൂറോളം ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ ഞങ്ങള്‍ക്ക് തോന്നി. എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം ഞങ്ങള്‍ക്ക് നല്‍കിയതിന് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മമ്മൂക്കയ്ക്ക് നന്ദി,’ ബേസില്‍ പോസ്റ്റില്‍ കുറിച്ചു.
അതേസമയം ആരോഗ്യപ്രശ്നങ്ങള്‍ മൂലം സിനിമയില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന മമ്മൂട്ടി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വെള്ളിത്തിരയില്‍ വീണ്ടും സജീവമാവാന്‍ തുടങ്ങിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസം അദ്ദേഹം ഹൈദരാബാദില്‍ എത്തിയിരുന്നു.
Content highlight: Basil Joseph shares pictures with Mammootty