സിനിമയ്ക്കകത്തും പുറത്തും ഒരേ കെമിസ്ട്രി കാത്തുസൂക്ഷിക്കുന്ന രണ്ടുതാരങ്ങളാണ് ടോവിനോ തോമസും ബേസിൽ ജോസഫും. തമ്മിൽ ട്രോളിയും തമാശ പറഞ്ഞുമുള്ള ഇരുവരുടെയും കോമ്പോ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ മിന്നൽ മുരളി ലൊക്കേഷനിലുണ്ടായിരുന്ന ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് ബേസിൽ ജോസഫ്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.
ബേസിൽ ജോസഫ്, Photo: YouTube/ Screengrab
‘മിന്നൽ മുരളിയിൽ ടോവിനോ പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. സൂപ്പർഹീറോ ലുക്കിൽ മുണ്ട് മുഖത്തിട്ട് വരുന്ന സീനായിരുന്നു അത്. പൊലീസ് സ്റ്റേഷന്റെ സൈഡിലൂടെ ചാടി വീണ് പോലീസുകാരനെ ഇടിച്ചിട്ട് സാധനം എടുത്ത് പോകുന്ന ഷോട്ട്.
ഇതെല്ലാം കൊവിഡ് സമയത്താണ് ഷൂട്ട് ചെയ്തത്. തൊടുപുഴയിൽ വെച്ചായിരുന്നു ചിത്രീകരണം. ബാക്കി ഷൂട്ടിങ് കൂടുതലും പൂർത്തിയായിരുന്ന സമയമായിരുന്നു അത്.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം കുറച്ച് ആളുകൾക്ക് മാത്രം ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്ന സാഹചര്യമായിരുന്നു. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് പെർമിഷൻ ലഭിച്ചിരുന്നത്.
ടോവിനോ തോമസ്, Photo: Netflix
ഞങ്ങൾ ഒരു ഇന്റീരിയറിനകത്ത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ പുറത്തു പ്രശ്നമുണ്ടായി. ഷൂട്ടിങ് നടക്കുന്നു എന്ന് പറഞ്ഞ് ആളുകൾ എത്തി. ഷട്ടറിൽ അടിച്ചു പ്രതിഷേധിക്കുകയും ചെയ്തു. ആ സമയം സൂപ്പർഹീറോ ലാൻഡ് ചെയ്യുന്ന ഷോട്ട് നടക്കുകയായിരുന്നു.
എങ്ങനെയെങ്കിലും ആ സീൻ പൂർത്തിയാക്കണമെന്നായിരുന്നു ശ്രമം. വേഗത്തിൽ ഷോട്ട് എടുത്ത് തീർത്തു. മുന്നിലൂടെ പോകാൻ കഴിയാത്തതിനാൽ പിന്നിലൂടെ പോകേണ്ടിവന്നു. അപ്പോൾ ടോവിനോ ലുങ്കി ധരിച്ച് തലയിൽ മുണ്ട് വിരിച്ച് ബാക്കിലൂടെ പോയി.
ഈ സംഭവം ഏതോ ഒരു വീഡിയോയിൽ പതിഞ്ഞു. പിന്നീട് ആ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ ‘കോവിഡിനിടെ അനധികൃതമായി ഷൂട്ട് ചെയ്ത് ടോവിനോ തോമസ് തലയിൽ മുണ്ടിട്ട് ഓടി’ എന്നായിരുന്നു,’ ബേസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു
അതിരടി, Photo: YouTube/ Screengrab
ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം അതിരടിയാണ് ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. ആദ്യമായി ഈ മൂന്നുപേരും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റിയ ഷിബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന ‘അതിരടി’ ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.
Content Highlight: Basil Joseph shares an interesting experience he had while filming Minnal Murali