| Tuesday, 13th January 2026, 11:59 am

അഞ്ച് മിനിറ്റ് പോലുമില്ലാത്ത റോളിന് അതിഗംഭീര റെസ്‌പോണ്‍സ്, പരാശക്തിയില്‍ നായകനെക്കാള്‍ കൈയടി നേടി ബേസില്‍ ജോസഫ്

അമര്‍നാഥ് എം.

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പരാശക്തി. സൂരറൈ പോട്രിന് ശേശം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. 1959- 64 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പരാശക്തിയുടെ പ്രധാന പ്രമേയം.

തമിഴ്‌നാട്ടിലെ പുറനാനൂറ് പടയുടെ നേതാവായ ചെഴിയന്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിച്ചത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചെഴിയന്‍. തനിക്ക് ലഭിച്ച കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ ശിവക്ക് സാധിച്ചു. ചിത്രത്തിന് റീച്ച് ലഭിക്കാന്‍ തമിഴിന് പുറത്തുനിന്ന് മൂന്ന് കാമിയോകളും പരാശക്തിയിലുണ്ടായിരുന്നു.

പുറനാനൂറ് പടയില്‍ ചെഴിയന്റെ കൂട്ടുകാരായ മൈക്കല്‍ റെഡ്ഡി, ഷെരീഫ, ഉമ്മന്‍ ചാക്കോ എന്നിവരായി വേഷമിട്ടത് അന്യഭാഷാ താരങ്ങളായിരുന്നുയ മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫിനാണ് ഇതില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ചത്. മലയാളിയായ ഉമ്മന്‍ ചാക്കോ എന്ന പട്ടാളക്കാരനായാണ് പരാശക്തിയില്‍ ബേസില്‍ വേഷമിട്ടത്.

സിനിമയുടെ ആദ്യ സീനില്‍ ബേസിലിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ ആ കഥാപാത്രത്തെ കാണിക്കുന്നത് ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ്. അഞ്ച് മിനിറ്റ് തികച്ചില്ലാത്ത വേഷമായിരുന്നിട്ടും തന്റെ ഇംപാക്ട് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ട്. കരിയറിലെ ആദ്യ തമിഴ് ചിത്രം ബേസില്‍ ഗംഭീരമാക്കിയിട്ടുണ്ട്.

മലയാളവും തമിഴും കലര്‍ന്ന ഉമ്മന്‍ ചാക്കോയുടെ ഡയലോഗ് ഡെലിവറി ഒട്ടും ബോറായി തോന്നിയിട്ടില്ല. തിയേറ്ററില്‍ മറ്റ് അന്യഭാഷാ താരങ്ങളായ റാണാ ദഗ്ഗുബട്ടി, കന്നഡ താരം ധനഞ്ജയ എന്നിവരെക്കാള്‍ കൈയടി ലഭിച്ചത് ബേസിലിനായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ബേസില്‍ കേരളത്തിന് പുറത്ത് സൃഷ്ടിച്ച ഇംപാക്ട് എത്രമാത്രം വലുതാണെന്ന് ഈ കൈയടികള്‍ അടിവരയിടുന്നുണ്ട്.

സംവിധായകനായി മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ ബേസില്‍ കഴിഞ്ഞ വര്‍ഷം നായകനായി ഞെട്ടിച്ചു. പൊന്മാന്‍ എന്ന ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. ബേസിലിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായിരുന്നു അജേഷ്. പരാശക്തിയിലേക്ക് ബേസില്‍ എത്തിപ്പെടാന്‍ കാരണം പൊന്മാനിലെ പ്രകടനമാണെന്നാണ് സിനിമാപേജുകള്‍ വിലയിരുത്തുന്നത്.

ഒ.ടി.ടി റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി പേജുകളിലെല്ലാം പൊന്മാനിലെ രംഗങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. നടനെന്ന നിലയില്‍ ഏറെദൂരം മുന്നോട്ടുപോയ ബേസിലിനെത്തേടി അന്യഭാഷയില്‍ നിന്ന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ഉമ്മന്‍ ചാക്കോ അതിന് ഒരു തുടക്കം മാത്രം.

Content Highlight: Basil Joseph’s role in Parasakthi movie getting good response

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more