| Monday, 9th March 2026, 5:00 pm

കാണിപ്പയ്യൂര്‍ തോറ്റുപോകുമല്ലോ ആശാനേ, ബേസില്‍ പറഞ്ഞു, സഞ്ജു സിക്‌സടിച്ചു, വൈറലായി വീഡിയോ

അമര്‍നാഥ് എം.

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട് ഇന്ത്യ മൂന്നാമതും കുട്ടിക്ക്രിക്കറ്റിന്റെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദില്‍ ഒരുലക്ഷത്തോളം വരുന്ന ക്രിക്കറ്റ് പ്രേമികളെ സാക്ഷിയാക്കിയാണ് സൂര്യകുമാറും സംഘവും കിരീടമുയര്‍ത്തിയത്. ന്യൂസിലാന്‍ഡിനെ ഒന്നുമല്ലാതാക്കിക്കൊണ്ട് ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ വിജയത്തിന്റെ അമരത്ത് മലയാളി താരം സഞ്ജു സാംസണുമുണ്ടായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ പല കളികളിലും ബെഞ്ചിലിരിക്കേണ്ടി വന്ന സഞ്ജു സൂപ്പര്‍ എട്ട് സ്റ്റേജ് മുതല്‍ തന്റെ വിശ്വരൂപം പുറത്തെടുത്തു. സെമി ഫൈനലും ഫൈനലുമടക്കും തുടര്‍ച്ചയായി മൂന്ന് കളികളില്‍ 80ലേറെ റണ്‍സ് നേടിക്കൊണ്ട് സഞ്ജു ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഫൈനല്‍ കാണാനെത്തിയ സഞ്ജുവിന്റെ സുഹൃത്തും നടനുമായ ബേസിലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സഞ്ജുവിന്റെ നമ്പറുള്ള ജേഴ്‌സിയണിഞ്ഞുകൊണ്ടാണ് ബേസില്‍ മത്സരം കാണാനെത്തിയത്. സഞ്ജുവിന്റെ ബാറ്റിങ്ങിനിടെ ബേസില്‍ നടത്തിയ പ്രവചനത്തിന്റെ വീഡിയോ പലരെയും അത്ഭുതപ്പെടുത്തി. അടുത്ത പന്ത് സഞ്ജു സിക്‌സറടിക്കുമെന്ന് ബേസില്‍ പറഞ്ഞതും ഗ്രൗണ്ടില്‍ സഞ്ജു സിക്‌സടിക്കുകയായിരുന്നു. സിക്‌സടിച്ചത് കണ്ട് ബേസില്‍ തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാനാകുന്നുണ്ട്.

ഇതോടെ പലരും ബേസിലിന്റെ പ്രവചന ശക്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. ബേസില്‍ പറഞ്ഞാല്‍ സഞ്ജുവിന് അതുപോലെ ചെയ്യാതിരിക്കാനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. പ്രവചന സിംഹമെന്നും ബേസിലിനെ അഭിനന്ദിക്കുന്നുണ്ട്. ബേസിലിന്റെ സുഹൃത്തും ഇന്‍ഫ്‌ളുവന്‍സറുമായ നിഹാലാണ്  (നിഹാല്‍ക്കാ) റീല്‍ പങ്കുവെച്ചത്.

ഫൈനല്‍ ദിവസം ഇന്ത്യയുടെ കളി കാണാനെത്തിയ ബേസിലിന്റെ റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡായിരിക്കുകയാണ്. സഞ്ജു ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന് പറഞ്ഞുകൊണ്ടാണ് മറ്റൊരു റീലില്‍ ബേസില്‍ സ്വയം പരിചയപ്പെടുത്തിയത്. ഫൈനല്‍ തൂക്കിയത് സഞ്ജുവാണെങ്കിലും സഞ്ജുവിനെ മുന്‍നിര്‍ത്തി ബേസില്‍ സോഷ്യല്‍ മീഡിയ തൂക്കിയെന്നാണ് പലരും അഭിപ്രായപ്പെടുത്തിയത്.

സഞ്ജുവും ബേസില്‍ ജോസഫും തമ്മിലുള്ള സൗഹൃദം വേള്‍ഡ് കപ്പിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതിന് പിന്നാലെ ഇരുവരും തമ്മിലുള്ള പഴയ ഇന്റര്‍വ്യൂ വൈറലായിരിക്കുകയാണ്. നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം സഞ്ജുവും ബേസിലും തമ്മിലുള്ള മറ്റൊരു കൂടിക്കാഴ്ചയുണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

View this post on Instagram

A post shared by @nihalkkaa

Content Highlight: Basil Joseph’s reel during T20 World cup final viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more