സംവിധായകനായും നടനായും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ആളാണ് ബേസില്‍ ജോസഫ്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ ബേസില്‍ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെക്കുകയായിരുന്നു. സഹനടനായി ആരംഭിച്ച് ഇന്ന് മലയാളത്തിലെ മികച്ച നായകനടന്മാരില്‍ ഒരാളായി ബേസില്‍ മാറി.
കരിയറിന്റെ പുതിയ ഘട്ടത്തില്‍ സിനിമാനിര്‍മാണരംഗത്തും തന്റെ സാന്നിധ്യമറിയിക്കാന്‍ പോവുകയാണ് ബേസില്‍. കഴിഞ്ഞദിവസമാണ് ബേസില്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയത്. ബേസില്‍ ജോസഫ് എന്റര്‍ടൈന്മെന്റ്‌സെന്നാണ് പ്രൊഡക്ഷന്‍ ഹൗസിന് ബേസില്‍ നല്‍കിയ പേര്. ആദ്യചിത്രത്തിന്റെ പ്രഖ്യാപനവും അതിനോടൊപ്പം നടത്തിയിരുന്നു.
ഡോക്ടര്‍ അനന്തു എസ്. എന്റര്‍ടൈന്മെന്റ്‌സിനൊപ്പം ചേര്‍ന്നാണ് ബേസില്‍ ആദ്യ നിര്‍മാണ സംരംഭം ഒരുക്കുന്നത്. മിന്നല്‍ മുരളിയില്‍ ബേസിലിന്റെ സഹായിയും എഴുത്തുകാരില്‍ ഒരാളുമായിരുന്ന അരുണ്‍ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ടൊവിനോയാകും ചിത്രത്തിലെ നായകനെന്നും സൂചനകളുണ്ട്. വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് എന്നിവരും ഈ ചിത്രത്തില്‍ ഭാഗമായേക്കും. മെക്‌സിക്കന്‍ അപാരതക്ക് ശേഷം ടൊവിനോ നായകനാകുന്ന മുഴുനീള ക്യാമ്പസ് ചിത്രമാകും ഇത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയുടെ തിരക്കിലാണ് ടൊവിനോ. ഇടുക്കിയിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. കയദു ലോഹറാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. പീരിയോഡിക് ആക്ഷന്‍ ത്രില്ലറായാണ് പള്ളിച്ചട്ടമ്പി ഒരുങ്ങുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പള്ളിച്ചട്ടമ്പിയുടെ നിലവിലത്തെ ഷെഡ്യൂളിന് ശേഷമാകും ടൊവിനോ- ബേസില്‍- വിനീത് പ്രൊജക്ട് ആരംഭിക്കുക. ലോകഃയുടെ രണ്ടാം ഭാഗവും ടൊവിനോയുടെ ലൈനപ്പിലുണ്ട്. ആദ്യഭാഗത്തില്‍ ചാത്തനായി വേഷമിട്ട ടൊവിനോയെ ചുറ്റിപ്പറ്റിയാകും രണ്ടാം ഭാഗം വികസിക്കുക. താരത്തിന്റെ കരിയറിലെ വമ്പന്‍ പ്രൊജക്ടുകളാണ് വരാന്‍ പോകുന്നത്.
Content Highlight: Basil Joseph’s first production venture is a campus drama featuring Tovino Thomas and Vineeth Sreenivasan