| Saturday, 10th January 2026, 1:51 pm

ഓണം വരെ കാത്തിരിക്കേണ്ട.... അടുത്ത സമ്മറിന് ബേസിലിന്റെ അതിരടി ഇങ്ങ് എത്തുമോ? പുതിയ റിപ്പോര്‍ട്ട്

ഐറിന്‍ മരിയ ആന്റണി

അരുണ്‍ അനിരുദ്ധന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് എന്റര്‍ടെയ്മെന്റസിന്റെ ബാനറില്‍ ബേസിലും ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ അനന്തു എസും നിര്‍മിക്കുന്ന ചിത്രത്തിന്റെ കാര്യക്ടര്‍ പോസ്റ്റര്‍ സമൂമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഓണം റിലീസായി തിയേറ്ററുകളിലെത്തുന്നുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് നേരത്തെ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ചിത്രം മെയ് 15ന് തിയേറ്ററുകളിലെത്തുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓണം റിലീസായി നിരവധി സിനിമകള്‍ തിയേറ്ററുകളിലെത്തുന്നതിനാലാണ് അതിരടിയുടെ റിലീസ് നേരത്തെയാക്കാനുള്ള തീരുമാനത്തില്‍ നിര്‍മാതാക്കള്‍ എത്തിയതെന്നാണ്  റിപ്പോര്‍ട്ടുകള്‍. പക്കാ മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന അതിരടിക്ക് തിയേറ്ററില്‍ ആളെ കയറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ. ആട് 3 എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ഓണം റിലീസിനെത്തുന്നുണ്ട്.

അതേസമയം മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി വന്ന ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു കലക്കന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ചിത്രം ഒരുങ്ങുമെന്ന് ടീസര്‍ സൂചന നല്‍കിയിരുന്നു.

വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചമന്‍ ചാക്കോയാണ് അതിരടിയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സര്‍വ്വം മായയിലൂടെ ഡെലൂലൂവായി തിളങ്ങിയ റിയ ഷിബുവും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight:  Basil Joseph’s Athiradi will reportedly arrive on May 15th

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more