കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനേതാവെന്ന നിലയില്‍ കൈയടി നേടി മുന്നേറുകയാണ് മലയാളികളുടെ പ്രിയതാരം ബേസില്‍ ജോസഫ്. ചെറുതും വലുതുമായ വേഷങ്ങളിലും നായകവേഷങ്ങളിലും ബേസില്‍ തിളങ്ങിയിരുന്നെങ്കിലും താരത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തത് ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊന്മാനായിരുന്നു. ഓരോ വേഷങ്ങളിലൂടെയും ഞെട്ടിക്കുമ്പോഴും മലയാളി പ്രേക്ഷകരടക്കം ബേസിലെന്ന സംവിധായകനെ വലിയ രീതിയില്‍ മിസ് ചെയ്യാറുണ്ട്.
സംവിധാനം ചെയ്ത മൂന്നേ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കാന്‍ ബേസിലിന് സാധിച്ചിരുന്നു. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങി മൂന്ന് വ്യത്യസ്ത ഴോണറുകളിലുള്ള ചിത്രങ്ങള്‍ കൊണ്ടാണ് താരം മലയാളത്തില്‍ ഹിറ്റടിച്ചത്. ഇതില്‍ ഏറെ ആരാധകരുള്ള ചിത്രമാണ് ടൊവിനോ തോമസ് നായകനായ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി.
മിന്നല്‍ മുരളി. Photo: The Indian Express
മലയാളത്തില്‍ നിന്നും ഹോളിവുഡ് നിലവാരത്തില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ബേസിലും ടൊവിനോയും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബേസില്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം അതിരടിയുമായി ബന്ധപ്പെട്ട് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘മിന്നല്‍ മുരളി 2വിനെക്കുറിച്ച് എനിക്കിപ്പോള്‍ യാതൊരു ഉറപ്പും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ ഞാന്‍ മറ്റൊരു പ്രൊജക്ടിനായുള്ള ജോലിയിലാണ്. അത് ഒരുപാട് സമയം ആവശ്യമുള്ള ജോലിയാണ്. അതിനെക്കുറിച്ചും സ്ഥിരീകരണമൊന്നും പറയാന്‍ പറ്റില്ല. കാരണം ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. പക്ഷേ ഞാന്‍ തീര്‍ച്ചയായും മിന്നല്‍ മുരളിയിലേക്ക് തിരിച്ചുവരും. ചിലപ്പോള്‍ ബ്ലഡ് പ്രെഷറും ഷുഗറും കൊളസ്‌ട്രോളുമെല്ലാമുള്ള റിട്ടയര്‍മെന്റ് ഏജിലുള്ള മിന്നല്‍ മുരളിയെയായിരിക്കും കിട്ടുക. എന്നാലും അവന്‍ എല്ലാവരെയും രക്ഷിക്കും,ബേസില്‍ പറഞ്ഞു.
എന്നാല്‍ ഇതിന് മറുപടിയായി ടൊവിനോ പറഞ്ഞ വാക്കുകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി. എത്ര കാലം കഴിഞ്ഞാലും മിന്നല്‍ മുരളിക്ക് വേണ്ടി ശരീരം മെയിന്റെയിന്‍ ചെയ്യാന്‍ താന്‍ ശ്രദ്ധിക്കാമെന്ന് താരം പറയുന്നു. ഇതിന് പുറമെ തന്റെ മകന്‍ കാണാന്‍ തന്നെ പോലെയാണെന്നും അവനെ വേണമെങ്കില്‍ ചിത്രത്തിലേക്ക് പരിഗണിക്കാമെന്നും ടൊവിനോ തമാശയോടെ പറഞ്ഞു.
അതിരടി. Photo: District
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, റിയ ഷിബു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന അതിരടി മെയ് 14നാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളിലെ ബേസിലിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Basil Joseph anf tovino thomas talks about Minnal Murali 2