| Saturday, 9th May 2026, 7:11 am

തിയേറ്ററില്‍ ഇറക്കിയിരുന്നെങ്കില്‍ മിന്നല്‍ മുരളി ഇപ്പോള്‍ കാണുന്ന രീതിയില്‍ ചര്‍ച്ചയാകില്ലെന്ന് ഉറപ്പാണ്: ബേസില്‍ ജോസഫ്

അമര്‍നാഥ് എം.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു നാടന്‍ സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടൈറ്റില്‍ റോളിലെത്തിയ ടൊവിനോയും വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരവും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കി.

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബേസില്‍ ജോസഫില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സിനിമാനുഭവമായിരുന്നു മിന്നല്‍ മുരളി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പൂര്‍ത്തിയാക്കിയ ചിത്രം നേരിട്ട് ഒ.ടി.ടിയിലൂടെയാണ് സ്ട്രീം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

ബേസില്‍ ജോസഫ് Photo: Screen grab/ Behindwoods TV

മിന്നല്‍ മുരളി പോലെ വലിയ ക്യാന്‍വാസിലൊരുക്കിയ ചിത്രം തിയേറ്ററില്‍ ഇറക്കാനാകാത്തതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബേസില്‍. തീര്‍ച്ചയായും നിരാശയുണ്ടായിരുന്നെന്നും തിയേറ്ററിന് വേണ്ടി ഡിസൈന്‍ ചെയ്ത ചിത്രമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ബേസില്‍.

‘ഇനിയിപ്പോള്‍ അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. കാരണം, തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി ഡിസൈന്‍ ചെയ്ത പടമായിരുന്നു അത്. എങ്ങനെയെങ്കിലും തിയേറ്ററില്‍ ഇറക്കണമെന്ന് ചിന്തിച്ചു. ഇപ്പോഴും പലരും ഞങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഈ സിനിമ തിയേറ്ററില്‍ കാണാന്‍ പറ്റിയില്ലായിരുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ, ഒ.ടി.ടിയില്‍ ഇറക്കിയതുകൊണ്ട് വേറൊരു ഗുണമുണ്ടായി.

മിന്നല്‍ മുരളി Photo: Netflix

നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടി. അവരുടെ പ്രൊമോഷനും ബാക്കി കാര്യങ്ങളുമെല്ലാം എല്ലായിടത്തും എത്തി. ആറോളം രാജ്യങ്ങളില്‍ ആ സിനിമയായിരുന്നു കുറേ നാള്‍ ടോപ് ട്രെന്‍ഡിങ്ങില്‍. സൂപ്പര്‍ഹീറോ സിനിമകള്‍ക്കുള്ള സ്വീകാര്യത കാരണമാണ് അതിന് പിന്നില്‍. ഒരുപക്ഷേ തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെ. ഇപ്പോള്‍ കാണുന്ന തരത്തില്‍ ഒരു റീച്ച് അതിന് കിട്ടില്ലായിരുന്നു,’ ബേസില്‍ പറഞ്ഞു.

ബേസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന അതിരടി റിലീസിനൊരുങ്ങുകയാണ്. ടൊവിനോ, ബേസില്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ റിയ ഷിബുവാണ് നായിക. മാസ് കോമഡി എന്റര്‍ടൈനറായൊരുങ്ങുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. മെയ് 14ന് അതിരടി തിയേറ്ററുകളിലെത്തും.

Content Highlight: Basil About the OTT release of Minnal Murali movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more