| Friday, 24th April 2026, 7:18 am

അടിസ്ഥാനരഹിതം, അനുചിതം, മോശം അഭിരുചിയുള്ളത്; ട്രംപിന്റെ നരകക്കുഴി പരാമര്‍ശത്തില്‍ ട്രംപിനെ തൊടാതെ മറുപടിയുമായി ഇന്ത്യ

നിഷാന. വി.വി

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ട്രംപിനെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം.

പ്രസ്താവന അടിസ്ഥാനരഹിതവും അനുചിതവും മോശം അഭിരുചിയുളളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും ചൈനയും നരകകുഴികളാണെന്ന് പറയുന്ന പോസ്റ്റ് ട്രംപ് ഷെയര്‍ ചെയ്തത് വിവാദമായതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

‘അഭിപ്രായങ്ങളും അതിനു ശേഷം യു.എസ് എംബസി പുറപ്പെടുവിച്ച പ്രസ്താവനയും ഞങ്ങള്‍ കണ്ടു.
ഈ പരാമര്‍ശങ്ങള്‍ വ്യക്തമായും അടിസ്ഥാനരഹിതവും അനുചിതവും മോശം അഭിരുചിയുള്ളതുമാണ്. വളരെ കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ-യു.എസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശം,’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

വിവാദം കനത്തതോടെ ഇന്ത്യയിലെ യു.എസ് എംബസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി മോദിയെ ട്രംപ് തന്റെ ‘നല്ല സുഹൃത്ത്’ എന്നാണ് എപ്പോഴും വിളിക്കാറുള്ളതെന്നും ഇന്ത്യയുമായുള്ള ബന്ധത്തെ അദ്ദേഹം വിലമതിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

റേഡിയോ അവതാരകനായ മൈക്കല്‍ സാവേജ് പങ്കുവെച്ച ഒരു കുറിപ്പ് ട്രംപ് റീപോസ്റ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അമേരിക്കയിലെ ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍, ഇന്ത്യയെയും ചൈനയെയും മറ്റ് ചില രാജ്യങ്ങളെയും നരകം (Hell Holes) എന്നാണ് സാവേജ് വിശേഷിപ്പിച്ചത്.

ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തതാണ് ട്രംപ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഇന്ത്യയുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഊഷ്മളമായ ബന്ധം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയെ മികച്ച രാജ്യമായാണ് താന്‍ കരുതുന്നതെന്നും അവരെ നയിക്കുന്നത് തന്റെ വളരെ നല്ല സുഹൃത്താണെന്ന് ട്രംപ് പറഞ്ഞതായും ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസി പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായി രംഗത്തെത്തി. ഇന്ത്യന്‍ പൗരന്മാരെയും രാജ്യത്തെയും അധിക്ഷേപിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.

ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍- ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഈ വെറുപ്പുളവാക്കുന്ന പരാമര്‍ശം ട്രംപ് പങ്കുവെച്ചതില്‍ തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥതയുണ്ടെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Baseless, inappropriate, in bad taste; India responds to Trump’s hellhole remark without touching Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more