| Thursday, 12th June 2025, 7:59 am

അടിസ്ഥാനരഹിതം; യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ധനമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആർ) ഈടാക്കുമെന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം.

വലിയ യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്താൻ സർക്കാർ പദ്ധതിയിടുന്നെന്ന് അവകാശപ്പെടുന്ന നിരവധി റിപ്പോർട്ടുകൾ നേരത്തെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ നമ്മുടെ പൗരന്മാരിൽ അനാവശ്യമായ അനിശ്ചിതത്വവും ഭയവും ഉണ്ടാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

‘ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ നമ്മുടെ പൗരന്മാരിൽ അനാവശ്യമായ അനിശ്ചിതത്വം, ഭയം, സംശയം എന്നിവയ്ക്ക് കാരണമാകുന്നു. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്,’ ധനകാര്യ മന്ത്രാലയം പറഞ്ഞു.

3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് മെർച്ചൻ്റ് ഡിസ്ക്‌കൗണ്ട് റേറ്റ് പുനസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്-യു.പി.ഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യു.പി.ഐ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് ദാതാക്കൾക്കും നൽകേണ്ട തുകയാണ് എം.ഡി.ആർ.

2020 മുതൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയിലെ യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഈടാക്കാറുണ്ടായിരുന്നില്ല. ഇതിന് പുറമെ 2,000 രൂപക്ക് താഴെയുള്ള ഇടപാടുകൾക്ക് 0.15 ശതമാനം ഇൻസെന്റീവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. 2024-25 ബജറ്റിൽ 1,500 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി മാറ്റിവെച്ചത്.

അതേസമയം, മെയ് മാസത്തിൽ യു.പി.ഐ 18.68 ബില്യൺ ഇടപാടുകൾ നടത്തിയതായി നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തിൽ യു.പി.ഐ ഇടപാടുകൾ ആകെ 25.14 ലക്ഷം കോടി രൂപയായി, ഏപ്രിലിൽ ഇത് 23.95 ലക്ഷം കോടി രൂപയായിരുന്നുവെന്ന് നാഷണൽ എൻ‌.പി‌.സി‌.ഐ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ഇടപാടുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ, യു.പി.ഐ സംവിധാനം സജ്ജമാക്കുന്നതിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കൾ സർക്കാറിനെ അറിയിച്ചിരുന്നു. 20 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള വ്യാപാരികളിൽനിന്ന് 0.3 ശതമാനം എം.ഡി.ആർ ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ 80 ശതമാനവും യു.പി.ഐ മുഖേനയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlight: Baseless, false: Finance Ministry denies reports of fee on UPI transactions

We use cookies to give you the best possible experience. Learn more