| Sunday, 15th February 2026, 3:42 pm

അന്തസും നാണവുമില്ലാത്ത കോമാളിത്തരം; ട്രംപിന്റെ അധിക്ഷേപ വീഡിയോക്കെതിരെ ഒബാമ

അനിത സി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ കറുത്തവര്‍ഗക്കാരെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച സംഭവത്തോട് ആദ്യമായി പ്രതികരിച്ച് മുന്‍പ്രസിഡന്റ് ബരാക് ഒബാമ.

രാജ്യത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വെറും കോമാളി ഷോ ആയി തരംതാഴ്ത്തിയെന്ന് ഒബാമ പ്രതികരിച്ചു.

ഇടതുപക്ഷ രാഷ്ട്രീയനിരീക്ഷകനായ ബ്രയാന്‍ ടൈലര്‍ കോഹനുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ഒബാമയുടെ പ്രതികരണം.

‘വൈറ്റ്ഹൗസിനോട് ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതിയിരുന്ന, അന്തസും ഔചിത്യ ബോധവുമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ഇതില്‍ നാണക്കേട് തോന്നുന്നില്ല. അതൊക്കെ നഷ്ടപ്പെട്ടു,’ ഒബാമ ശനിയാഴ്ച പുറത്തുവിട്ട പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഈ പെരുമാറ്റം വളരെയധികം അസ്വസ്ഥത സൃഷ്ടിച്ചെന്നും ട്രംപിന്റെ പേരെടുത്ത് പറയാതെ ഒബാമ പ്രതികരിച്ചു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഈ വിഷയം റിപ്പബ്ലിക്കന്‍മാരെ വേദനിപ്പിക്കുമെന്നും ഒബാമ പറഞ്ഞു.

ബരാക്ക് ഒബാമയുടെയും മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയുടെയും തലകള്‍ കുരങ്ങന്റെ ശരീരത്തില്‍ ചേര്‍ത്തുവെച്ചുള്ള അധിക്ഷേപകരമായ വീഡിയോ ട്രംപ് പങ്കുവെച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം.

റിപ്പബ്ലിക്കന്‍സ് ഉള്‍പ്പടെയുള്ള സെനറ്റര്‍മാരും പ്രമുഖ വ്യക്തികളുമെല്ലാം ഈ പ്രവര്‍ത്തിയെ അപല
പിച്ചെങ്കിലും ട്രംപ് മാപ്പ് പറയാനോ തെറ്റ് പറ്റിയെന്ന് സമ്മതിക്കാനോ തയ്യാറായിരുന്നില്ല.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യം തനിക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും താനത് അറിഞ്ഞിട്ടുപോലുമില്ലെന്നുമായിരുന്നു ട്രംപിന്റെ വാദം. തുടക്കത്തില്‍ വിമര്‍ശനങ്ങളെ വൈറ്റ്ഹൗസും തള്ളിക്കളഞ്ഞിരുന്നു.

ജോ ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തിയ 2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിക്കുന്ന 63 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിലായിരുന്നു ഒബാമയെ അധിക്ഷേപിക്കുന്ന ഒരു സെക്കന്റുള്ള വീഡിയോ ക്ലിപ്പും ചേര്‍ത്തിരുന്നത്.

ഈ സംഭവത്തെ ഇക്കാലത്തിനിടയ്ക്ക് വൈറ്റ് ഹൗസില്‍ നിന്നും താന്‍ കണ്ട ഏറ്റവും വംശീയമായ കാര്യമെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററായ ടിം സ്‌കോട്ട് വിമര്‍ശിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ ട്രംപ് ഈ വീഡിയോ സ്വന്തം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിരുന്നു.

കറുത്തവര്‍ഗക്കാരെ കുരങ്ങന്മാരുമായി താരതമ്യം ചെയ്ത് വംശീയ അധിക്ഷേപം നടത്തുന്ന കാരിക്കേച്ചറുകളെ ഓര്‍മിപ്പിക്കുന്ന ക്ലിപ്പാണ് ഒബാമയുടെയും മിഷേലിന്റെയും തലവെട്ടിയൊട്ടിച്ച് നിര്‍മിച്ചിരുന്നത്. ഈ വീഡിയോ നിര്‍മിച്ചത് സെറിയാസ് എന്ന എക്സ് ഉപയോക്താവാണെന്നാണ് വിവരം.

Content Highlight: Barrack Obama slams Trump’s insulting video as ‘clown  show’

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more