ലഖ്നൗ: ഐ ലവ് മുഹമ്മദ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് എട്ട് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ബറേലി ജില്ലാ ഭരണകൂടം. ഇത്തിഹാദ് ഈ മില്ലത്ത് കൗണ്‍സില്‍ (ഐ.എം.സി) മുഖ്യ പുരോഹിതന്‍ തൗഖീര്‍ റാസ ഖാന്റെ അനുയായികളുടെ കെട്ടിടങ്ങളാണ് പൊളിക്കാന്‍ ഒരുങ്ങുന്നത്. അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് ഇവ പൊളിച്ച് നീക്കുന്നത്.
ജഗത്പൂരിലെ ഫായിഖ് എന്‍ക്ലേവിലും പഴയ നഗരങ്ങളിലും ബറേലി ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (ബി.ഡി.എ) ജില്ലാ ഭരണകൂടത്തിന്റെയും സംഘങ്ങള്‍ കഴിഞ്ഞ ദിവസം സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഈ എട്ട് കെട്ടിടങ്ങളെ കണ്ടെത്തിയത്. ഇവ അംഗീകൃത ഭൂപടങ്ങളിലില്ലെന്നും സര്‍ക്കാര്‍ ഭൂമിയും സീലിങ് ഭൂമിയും കയ്യേറിയാണ് നിര്‍മിച്ചതെന്നും അധികൃതര്‍ ആരോപിച്ചു.
‘സര്‍ക്കാര്‍ ഭൂമികളിലും സീലിങ് ഭൂമിയിലും അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നവരെ വെറുതെ വിടില്ല. നിയമമനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കും,’ ബി.ഡി.എ വൈസ് ചെയര്‍മാന്‍ ഡോ. മണികണ്ഠന്‍ എ. പറഞ്ഞു.
സെപ്റ്റംബര്‍ 26ന് ബറേലിയിലെ കോട്വാലി പ്രദേശത്ത് ഒരു പള്ളിക്ക് പുറത്ത് ‘ഐ ലവ് മുഹമ്മദ്’ എന്നീ പോസ്റ്ററുകളുമായി 2000ലധികം വരുന്ന ജനക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതില്‍ സംഘര്‍ഷമുണ്ടാവുകയും പിന്നാലെ പൊലീസ് നടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്വത്തുക്കള്‍ കണ്ടത്തിയതും പൊളിക്കാന്‍ ഒരുങ്ങുന്നതും.
ഫായിഖ് എന്‍ക്ലേവ് കഴിഞ്ഞ കുറച്ച് വര്‍ഷമായി കുറ്റവാളികളുടെ ഒളിത്താവളമായെന്നും അധികൃതര്‍ പറഞ്ഞു. അടുത്തിടെ ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ ഭാര്യാസഹോദരന്‍ സദ്ദാമുമായി ബന്ധപ്പെട്ട ഒരു സ്വത്ത് അധികൃതര്‍ സീല്‍ ചെയ്തിരുന്നു. ഇവരുമായി തൗഖീര്‍ റാസ ഖാന്റെ സഹായികളായ ഫര്‍ഹത്തിനും മുഹമ്മദ് ആരിഫിനും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ബറേലി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അരാജകത്വം പ്രചരിപ്പിക്കുന്നവര്‍ക്ക് വരും തലമുറകള്‍ പോലും മറക്കാത്ത തരത്തിലുള്ള ശിക്ഷ നല്‍കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ശ്രമം ഇന്ത്യയില്‍ സംഭവിക്കില്ലെന്നും അത് സ്വപ്നം കാണുന്നതും സങ്കല്പിക്കുന്നതും നരകത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Bareli District administration is to demolish eight properties linked to cleric Tauqeer Raza