| Saturday, 13th December 2025, 3:00 pm

ബറേലി കലാപം ; കുറ്റാരോപിതനായ തൗഖീര്‍ റാസയ്ക്ക് ഉപാധികളോടെ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി : ഉത്തര്‍പ്രദേശിലെ ബറേലി കലാപത്തിന്റെ മുഖ്യ സൂത്രധാരനെന്നാരോപിച്ച് അറസ്റ്റിലായിരുന്ന തൗഖീര്‍ റാസയ്ക്ക് ഉപാധികളോടെ ജാമ്യം.

‘ഐ ലവ് മുഹമ്മദ്,’ എന്ന പോസ്റ്ററുകള്‍ സ്ഥാപിച്ച് അക്രമത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗഖീര്‍ റാസ ഖാന് എതിരെയുള്ള കുറ്റാരോപണം.

ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് റാസ ഖാനും മറ്റൊരു കുറ്റാരോപിതനും ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

മഹിളാ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്റ്റര്‍ കോമള്‍ കുണ്ഡു സെപ്റ്റംബര്‍ 26 നായിരുന്നു തൗഖീര്‍ റാസ, നദീം തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പ്രതികളും അഭിഭാഷകര്‍ മുഖേന സ്‌പെഷ്യല്‍ ജഡ്ജി അമൃത ശുക്ലയ്ക്ക്് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെന്ന് എ.ഡി.ജി.സി മഹേഷ് സിങ് യാദവ് പറഞ്ഞു.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ പ്രതികള്‍ നഗരം വിട്ട് പോവരുതെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.

റാസയ്‌ക്കെതിരെയുള്ള 10 കേസുകളില്‍ നാല് കേസുകള്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത് . അതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ നാലിന് നബിദിനത്തോടനുബന്ധിച്ച് കാന്‍പൂരില്‍ നബിദിന റാലി കടന്നുപോവുന്ന വഴിയില്‍ ‘ഐ ലവ് മുഹമ്മദ്’, ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ രംഗത്തെത്തുകയും അതിനെതിരെ പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ പൊലീസ് കേസെടുത്തത്.

നിയമ വിരുദ്ധമായി കൂട്ടംകൂടല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ ക്രിമിനല്‍ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയത്.

സെപ്റ്റംബര്‍ 9 ന് 15 പേര്‍ക്കെതിരെ കേസെടുത്തു. മതാഘോഷങ്ങളില്‍ പുതിയ ആചാരങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ നിയമങ്ങള്‍ എതിര്‍ക്കുന്നുവെന്നായിരുന്നു അറസ്റ്റ് ന്യായീകരിച്ച് കൊണ്ടുള്ള കാന്‍പൂര്‍ ഡി.സി.പി ദിനേശ് ത്രിപാഠിയുടെ വാദം.

എന്നാല്‍ ഇതിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ‘ഐ ല വ് മുഹമ്മദ്’, പോസ്റ്റ്‌റുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇത് പൊലീസും ജനകൂട്ടവുമായുളള സംഘര്‍ഷത്തിലേക്ക് നയിച്ചു

സെപ്റ്റംബര്‍ 26 ന് ബറേലിയില്‍ പോസ്റ്റര്‍ നീക്കുന്നതിന്റെ ഭാഗമായി പൊലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും 81 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബറേലിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍ അടക്കമുള്ള നടപടികള്‍ എടുത്തിരുന്നു.

Content Highlight : Bareilly riots: Accused Tauqeer Raza granted conditional bail

We use cookies to give you the best possible experience. Learn more