| Wednesday, 17th December 2025, 5:00 pm

ബാഴ്‌സക്കായി തകര്‍പ്പന്‍ പ്രകടനം; എന്നിട്ടും റഫീഞ്ഞയ്ക്ക് മിച്ചം അവഗണന മാത്രം!

ഫസീഹ പി.സി.

2025ലെ ഫിഫ ദി ബെസ്റ്റ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുരുഷ വിഭാഗത്തില്‍ പി. എസ്. ജിയുടെ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെയാണ് ഈ പുരസ്‌കാരം നേടിയത്. വനിതാ വിഭാഗത്തിലാവാട്ടെ ഐറ്റാന ബോണ്‍മാറ്റിയും ജേതാവായി. ഒപ്പം തന്നെ ഈ വര്‍ഷത്തെ ബെസ്റ്റ് ഇലവനെയും ഫിഫ പ്രഖ്യാപിച്ചിരുന്നു.

ബെസ്റ്റ് ഇലവനില്‍ ഒരു താരത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റാരുമല്ല, ബാഴ്സലോണയുടെ സൂപ്പര്‍ താരം റഫീഞ്ഞയുടെതാണ്. ഈ വര്‍ഷം ബാഴ്‌സക്കായി ഫീല്‍ഡില്‍ മിന്നും പ്രകടനം നടത്തിയിട്ടും താരത്തിന് ഫിഫയുടെ ഇലവനില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല.

റഫീഞ്ഞ.Photo: JNO/x.com

ഒപ്പം തന്നെ പുരുഷന്മാരുടെ ഫിഫ ദി ബെസ്റ്റ് അവാര്‍ഡില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും റഫീഞ്ഞയ്ക്ക് ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബ്രസീലിയന്‍ താരം ഈ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 29 പോയിന്റാണ് താരത്തിന് ലഭിച്ചത്. ഉസ്മാന്‍ ഡെംബലെ, ലാമിന്‍ യമാല്‍, അഷ്റഫ് ഹാകിമി എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.

ഈ സീസണില്‍ ബ്ലൂഗ്രാനക്കായി റഫീഞ്ഞ 38 തവണ വല കുലുക്കിയിട്ടുണ്ട്. ഒപ്പം ബ്രസീലിയന്‍ വിങ്ങര്‍ 28 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 64 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും ഗോള്‍ കോണ്ട്രിബ്യൂഷന്‍ നടത്തിയത്. ഈ മികവില്‍ ലാ ലിഗ പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

റഫീഞ്ഞ. Photo: Infosfcb/x.com

കൂടാതെ, ചാമ്പ്യന്‍സ് ലീഗിലും റഫീഞ്ഞയുടെ പ്രകടനം മികച്ചതാണ്. താരത്തിന് ടൂര്‍ണമെന്റില്‍ ഒമ്പത് അസിസ്റ്റുകളുണ്ട്. ഇതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്ന റൊണാള്‍ഡോയുടെ റെക്കോഡിന് ഒപ്പമെത്താനും ബ്രസീലിയന്‍ വിങ്ങര്‍ക്ക് സാധിച്ചിരുന്നു.

ഇതിനെല്ലാം പുറമെ ബ്രസീലിന് വേണ്ടിയും താരത്തിന്റെ പ്രകടനം നിര്‍ണായകമായാണ്. 2024 – 25 സീസണില്‍ കോപ്പ അമേരിക്കയില്‍ താരം നാല് ഗോള്‍ നേടിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ടീമിനായി താരം പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു.

നേരത്തെ, ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിലും റഫീഞ്ഞ അവഗണന നേരിട്ടിരുന്നു. ബാഴ്‌സക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും താരത്തിന് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്താന്‍ സാധിച്ചിരുന്നില്ല.

Content Highlight: Barceolona’s Raphinha missed out from FIFA best XI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more