| Thursday, 3rd April 2025, 6:00 pm

ബാലൺ ഡി'ഓർ എല്ലാവരുടെയും സ്വപ്നം, അത് നേടും; തുറന്ന് പറഞ്ഞ് സ്പാനിഷ് യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ബാലൺ ഡി ഓർ നേടുകയെന്നത് ഓരോ ഫുട്ബോൾ താരത്തിന്റെയും വലിയ സ്വപ്നമാണ്. ബാഴ്‌സലോണ താരങ്ങളായ പെഡ്രി, റഫീന്യ, ലാമിൻ യമാൽ എന്നിവർ 2025ലെ ബാലൺ ഡി ഓർ നേടുന്നതിൽ സാധ്യത കല്പിക്കപ്പെടുന്നവരാണ്. ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ സ്പാനിഷ് താരം പെഡ്രി.

ബാലൺ ഡി’ഓർ നേടാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നെന്നും എല്ലാവരും അത് സ്വപ്നം കാണുന്നുവെന്നും പെഡ്രി പറഞ്ഞു. പക്ഷേ, വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിനൊപ്പം കിരീടങ്ങൾ നേടുന്നതിനാണ് മുൻഗണയെന്നും യുവതാരം കൂട്ടിച്ചേർത്തു. 2025ൽ ബാലൺ ഡി’ഓർ താരത്തിന് നേടാനാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു പെഡ്രി.

‘ബാലൺ ഡി’ഓർ നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും സ്വപ്നമാണത്. പക്ഷേ, തീർച്ചയായും ഞാൻ ആദ്യം ടീമിനായി കിരീടങ്ങൾ നേടുന്നതിലാണ് മുൻഗണ നൽകുന്നത്,’ പെഡ്രി പറഞ്ഞു.

അതേസമയം, അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ബാഴ്‌സലോണയിലെ തന്റെ സഹകളിക്കാരായ ലാമിൻ യാമലോ റഫീന്യയോ വിജയിക്കുന്നതാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരുന്നു.

‘ബാലൺ ഡി ഓർ എനിക്ക് വളരെ അകലെയുള്ള ഒന്നാണ്. റോഡ്രി പോലുള്ള ചിലരെ ഒഴിവാക്കിയാൽ, നല്ല സ്കോറിങ് സ്റ്റാറ്റസുള്ള കളിക്കാരാണ് സാധാരണയായി അത് നേടുന്നത്. ലാമിൻ യമലോ റഫീന്യയോ വിജയിക്കുന്നതാണ് എനിക്ക് ഇഷ്ടം, കാരണം അവർക്ക് സ്റ്റാറ്റസുണ്ട്. ഞങ്ങൾക്ക് കിരീടങ്ങൾ നേടാനായാൽ എനിക്ക് സന്തോഷമുണ്ട്,’ പെഡ്രി പറഞ്ഞു.

നിലവിൽ ബാഴ്‌സലോണയ്‌ക്കായി മികച്ച പ്രകടനമാണ് പെഡ്രി കാഴ്ച വെക്കുന്നത്. ഈ സീസണിൽ 45 മത്സരങ്ങളിൽ കാറ്റലൻമാർക്കായി ഇറങ്ങിയ താരം അഞ്ച് ഗോളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബാഴ്‌സലോണയിൽ താരത്തിന്റെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നാണിത്.

Content Highlight: Barcelona Young Star Pedri Responds When Asked About Winning 2025 Ballon d’Or

We use cookies to give you the best possible experience. Learn more