| Monday, 13th January 2025, 9:06 am

15ാം തവണയും മായാജാലം തീര്‍ത്ത് ബാഴ്‌സലോണ; റയലിനെ മുട്ട് കുത്തിച്ച് വീണ്ടും സൂപ്പര്‍ കപ്പ് ചുംബനം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇത് 15ാം തവണയാണ് ബാഴ്‌സ സൂപ്പര്‍കപ്പ് കിരീടം സ്വന്തമാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം 15 തവണ സൂപ്പര്‍കപ്പ് ജേതാക്കളാകുന്നത്.

ഫുട്‌ബോള്‍ ആരാധകരെ ഏറെ ആവേശത്തിലാക്കിയ മത്സരത്തിന്റെ ആദ്യ മിനിട്ടില്‍ ബാഴ്‌സ സൂപ്പര്‍ താരം ലാമിന്‍ യമാലിന്റെ കിടിലന്‍ ഷോട്ട് ഉണ്ടായിരുന്നെങ്കിലും ബോള്‍ വലയിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. എന്നാല്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് കിലിയന്‍ എംബാപ്പെയാണ്. റയലിന് വേണ്ടി അഞ്ചാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോള്‍ നേടിയാണ് എംബാപ്പെ ആരവം സൃഷ്ടിച്ചത്.

പിന്നീട് മത്സരത്തില്‍ ആധിപത്യം സൃഷ്ടിക്കുന്ന ബാഴ്‌സലോണയെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. ആദ്യ ഷോട്ട് ഡിഫന്‍ഡ് ചെയ്ത തിബോത് കോര്‍ട്ടോയിസിന്റെ ഗോള്‍വലയില്‍ 22ാം മിനിട്ടില്‍ മിന്നും ഗോളാണ് ലാമിന്‍ അടിച്ചിട്ടത്. ശേഷം 36ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പെനാല്‍റ്റിയിലൂടെ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി.

റാഫീഞ്ഞയുടെ മിന്നല്‍ വേഗത്തിലെ ഇരട്ട ഗോളിലൂടെ 39ാം മിനിട്ടിലും 48ാം മിനിട്ടിലും ഗംഭീര പ്രകടനം നടത്താനും ടീമിന് സാധിച്ചു. ആദ്യ പകുതിയുടെ എക്‌സ്ട്ര ടൈമില്‍ അല്‍ജാഡ്രോ ബാല്‍ഡിയും ഗോള്‍ നേടിയപ്പോള്‍ മൂന്ന് ഗോള്‍ ലീഡാണ് ബാഴ്‌സ സ്വന്തമാക്കിയത്.

എന്നാല്‍ പരിശ്രമങ്ങള്‍ക്കൊടുവില്‍ 60ാം മിനിട്ടില്‍ റോഡ്രിഗോ നേടിയ ഗോളിന് മത്സരത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. തുല്യ ശക്തിയിലാണ് ഇരു ടീമും കളത്തില്‍ നിറഞ്ഞാടിയത്. എന്നാല്‍ ബോള്‍ സൂക്ഷിപ്പും കൃത്യമായ പാസും മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് നിര്‍ണായകമായിരുന്നു.

Content Highlight: Barcelona Won Spanish super Cup

We use cookies to give you the best possible experience. Learn more