| Friday, 21st August 2026, 10:37 am

റോഡ്രി ഞങ്ങളുടെ പ്ലാനിലേ ഉണ്ടായിരുന്നില്ല, എന്നാല്‍... ലോകകപ്പ് ചാമ്പ്യനെ ടീമിലെത്തിച്ചതെങ്ങനെയെന്ന് ഡെക്കോ

ആദർശ് എം.കെ.

സ്പാനിഷ് നായകന്‍ റോഡ്രിയെ ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ചതിനെക്കുറിച്ച് മനസ്സ് തുറന്ന് ബാഴ്‌സലോണ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോ.

റോഡ്രിയെ ബാഴ്‌സയിലെത്തിക്കുന്നത് ക്ലബ്ബിന്റെ ആദ്യകാല പദ്ധതികളുടെ ഭാഗമായിരുന്നില്ലെന്നും എന്നാല്‍ ലഭിച്ച മികച്ച അവസരം മുതലാക്കുകയായിരുന്നുവെന്നും ഡെക്കോ വ്യക്തമാക്കി.

ഡെക്കോ. Photo: Barcelona FC

ക്യാമ്പ് നൗവില്‍ 2030 സമ്മര്‍ വരെ നീളുന്ന 4 വര്‍ഷത്തെ കരാറിലാണ് റോഡ്രി ഒപ്പുവെച്ചത്. 60 മില്യണ്‍ യൂറോ മുന്‍കൂറായും, ആഡ്ഓണുകളായി 15 മില്യണ്‍ യൂറോയും ഉള്‍പ്പെടെ മൊത്തം 75 മില്യണ്‍ യൂറോ ചെലവിട്ടാണ് ബാഴ്‌സ ലാ റോജയുടെ പടത്തലവനെ കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തിച്ചത്.

റോഡ്രിയുടെ സൈനിങ്ങിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, അത് പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നുവെന്ന് ഡെക്കോ വിശദീകരിച്ചു.

‘ഇത് ഞങ്ങളുടെ ആദ്യകാല പദ്ധതികളുടെ ഭാഗമായിരുന്നില്ല. എങ്കിലും ഇതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷവാന്മാരാണ്. അദ്ദേഹത്തെ ഒപ്പുവെക്കുന്നതിന് മുന്‍പ് ഞങ്ങള്‍ തമ്മില്‍ ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തുടക്കത്തില്‍ ഇത് ഞങ്ങളുടെ പദ്ധതികളില്‍ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്, എന്നാല്‍ ഇതൊരു മികച്ച അവസരമാണെന്ന് ഞങ്ങള്‍ കണ്ടു. അദ്ദേഹം ടീമിനെ കാര്യമായി മെച്ചപ്പെടുത്തും,’ ഡെക്കോ വ്യക്തമാക്കി.

റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് കരുതിയിരുന്ന താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയത് വൈരികളായ റയലിനെ തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഡെക്കോ തള്ളി.

‘ഞങ്ങള്‍ റയല്‍ മാഡ്രിഡില്‍ നിന്ന് അവനെ തട്ടിയെടുക്കുകയോ തടയുകയോ ചെയ്തിട്ടില്ല,’ ബാഴ്‌സ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്‌ലിക്കെതിരായ ജോവാന്‍ ഗാംപെര്‍ ട്രോഫി പോരാട്ടത്തിന് മുന്നോടിയായാണ് റോഡ്രിയെ ക്യാമ്പ് നൗവില്‍ ആരാധകര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.

കാണികള്‍ വലിയ ആവേശത്തോടെയാണ് താരത്തെ സ്വീകരിച്ചത്. ഈ മത്സരത്തില്‍ ബാഴ്‌സലോണ 2-1 ന് വിജയിച്ച് ട്രോഫി സ്വന്തമാക്കുകയും ചെയ്തു.

ഓഗസ്റ്റ് 24നാണ് റോഡ്രി ബാഴ്‌സ ജേഴ്‌സിയില്‍ ആദ്യമായി കളത്തിലിറങ്ങുക. ലാ ലിഗയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ എല്‍ക്കെയാണ് എതിരാളികള്‍. എല്‍ക്കെയുടെ ഹോം സ്‌റ്റേഡിയമാണ് വേദി.

Content  Highlight: Barcelona Sporting Director Deco on signing Rodri.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more