ലാ ലിഗയില്‍ ഈ സീസണിലെ കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെയാണ് കറ്റാലന്മാര്‍ വീഴ്ത്തിയത്. ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.
ബ്രസീലിയന്‍ താരം റാഫിഞ്യയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബാഴ്‌സ ജയിച്ചു കയറിയത്. ജാവോ ക്യാന്‍സലോയുടെ ഒരു ഗോളും നേടി തിളങ്ങി. ഇസ്‌കോയാണ് റയല്‍ ബെറ്റിസിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു ഇസ്‌കോ.
സീസണിലെ അവസാന ഹോം മത്സരം വിജയിക്കാന്‍ സാധിച്ചതോടെ ലാ ലിഗയില്‍ ഒരു സീസണില്‍ എല്ലാ ഹോം മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമായി മാറാനും ബാഴ്‌സക്ക് സാധിച്ചു. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ വലന്‍സിയയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങിയ വിജയക്കുതിപ്പ് ബാഴ്‌സ റയല്‍ ബെറ്റിസിനെ വീഴ്ത്തിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. 19 ഹോം മത്സരങ്ങളും വിജയിച്ചാണ് കറ്റാലന്‍മാര്‍ ചരിത്രം സൃഷ്ടിച്ചത്.
ഇതിന് മുമ്പ് ഒരു ലാ ലിഗ സീസണില്‍ ഏറ്റവുമധികം ഹോം മത്സരങ്ങള്‍ വിജയിച്ച ടീമെന്ന നേട്ടം റയല്‍ മാഡ്രിഡിന്റെ പേരിലായിരുന്നു. 1985-86 സീസണില്‍ റയല്‍ 17 മത്സരങ്ങളായിരുന്നു സ്വന്തം മണ്ണില്‍ വിജയിച്ചത്. ഇപ്പോള്‍ നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ റെക്കോഡും തകര്‍ത്തിരിക്കുകയാണ് ഹാന്‍സി ഫ്‌ലിക്കിന്റെ പോരാളികള്‍.
അതേസമയം ഈ സീസണില്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും കറ്റാലന്‍ പട കിരീടം കൈപ്പിടിയിലാക്കിയത്.
ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് വിട്ടത്. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ 14 പോയിന്റ് വ്യത്യാസം നേടാന്‍ ടീമിന് സാധിച്ചതോടെയാണ് ബാഴ്സയുടെ കിരീടനേട്ടം.
2026 ലാലിഗ കിരീടവുമായി ബാഴ്‌സലോണ. Photo: FC Barcelona/x.com
ചരിത്രത്തിലെ ബാഴ്സയുടെ 29ാം ലാലിഗ കിരീടനേട്ടമാമാണിത്. ചരിത്രത്തിലാദ്യമായാണ് ബാഴ്സ ഒരു എല്‍ ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തി ടൂര്‍ണമെന്റില്‍ ജേതാക്കളാവുന്നത്. തങ്ങളുടെ 28 കിരീടങ്ങളില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.
മെയ് 24നാണ് ബാഴ്‌സ ഈ സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നത്. വലന്‍സിയായാണ് എതിരാളികള്‍.
Content Highlight: Barcelona Set a Huge record in La Liga