| Tuesday, 5th August 2025, 6:03 pm

15 ഗോള്‍!!! മുന്നില്‍പ്പെട്ടാല്‍ ഗോളില്‍ മുക്കും; പ്രീ സീസണ്‍ വേട്ട അവസാനിപ്പിച്ച് ബാഴ്‌സ

സ്പോര്‍ട്സ് ഡെസ്‌ക്

2025-26 സീസണിന് മുന്നോടിയായി നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരങ്ങളില്‍ സമ്പൂര്‍ണ വിജയവുമായി ബാഴ്‌സലോണ. ജപ്പാന്‍, സൗത്ത് കൊറിയ എന്നിവിടങ്ങളിലായി നടന്ന പര്യടനത്തില്‍ കളിച്ച സൗഹൃദ മത്സരങ്ങളില്‍ മൂന്നിലും ടീം ജയിച്ചുകയറി.

മൂന്ന് മത്സരങ്ങളില്‍ നിന്നുമായി ടീം 15 ഗോളുകളാണ് ബാഴ്‌സ അടിച്ചെടുത്തത്. വഴങ്ങിയതാകട്ടെ വെറും നാല് ഗോളുകളും. 2025-26 സീസണുകളില്‍ എതിരാളികളെ വിറപ്പിക്കാന്‍ പോന്ന സ്‌ക്വാഡ് ഡെപ്തുമായെത്തിയ ബാഴ്‌സയുടെ ശക്തി പ്രദര്‍ശനം തന്നെയാണ് പ്രീ സീസണ്‍ ഫ്രണ്ട്‌ലികളില്‍ ആരാധകര്‍ കണ്ടത്.

ജൂലൈ 27നാണ് ബാഴ്‌സ ആദ്യ സൗഹൃദ മത്സരത്തിനിറങ്ങിയത്. ജാപ്പനീസ് കരുത്തന്‍മാരായ വിസെല്‍ കോബെയായിരുന്നു എതിരാളികള്‍. മിസാക്കി പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കറ്റാലന്‍മാര്‍ ഹോം ടീമിനെ തകര്‍ത്തുവിട്ടു.

ബാഴ്‌സക്കായി എറിക് ഗാര്‍ഷിയ, റൂണി ബാര്‍ഡ്ജി, പെഡ്രോ ഫെര്‍ണാണ്ടസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ തായ്‌സെയ് മിയാഷിറോയാണ് വിസെല്‍ കോബെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

നാല് ദിവസങ്ങള്‍ക്ക് ശേഷം സൗത്ത് കൊറിയയിലേക്ക് വിമാനം കയറിയ ബാഴ്‌സ ഹോം ടീമായ എഫ്.സി സിയോളിനെ ഗോളില്‍ മുക്കിയാണ് കരുത്ത് കാട്ടിയത്. മൂന്നിനെതിരെ ഏഴ് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കി എട്ടാം മിനിട്ടില്‍ തന്നെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ലാമിന്‍ യമാലും ഫെറാന്‍ ടോറസും ഇരട്ട ഗോളുമായി തിളങ്ങി. ആന്ദ്രേ ക്രിസ്റ്റിയന്‍സെനും ഗാവിയുമാണ് ശേഷിച്ച ഗോളുകള്‍ അടിച്ചെടുത്തത്.

സിയോളിനായി ചോ യങ്-വൂക്, യാസെന്‍ അല്‍ അറബ്, ജുങ് ഹാന്‍-മിന്‍ എന്നിവരും ഗോള്‍ നേടി.

കഴിഞ്ഞ ദിവസമാണ് ബാഴ്‌സ തങ്ങളുടെ അവസാന പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ച് കളിച്ചത്. ഡേഗു എഫ്.സിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സ ജയിച്ചുകയറിയത്. സ്പാനിഷ് വമ്പന്‍മാര്‍ക്കായി ഗാവി ഇരട്ട ഗോളുമായി തിളങ്ങി. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ടോണി ഫെര്‍ണാണ്ടസ്, എന്നിവര്‍ക്കൊപ്പം ഈ സീസണില്‍ ബാഴ്‌സ സ്വന്തമാക്കിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഓരോ ഗോള്‍ വീതം സ്വന്തമാക്കി.

അതേസമയം, ഓഗസ്റ്റ് 16ന് ലാ ലിഗയില്‍ മയ്യോര്‍ക്കക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് ബാഴ്‌സ മറ്റൊരു പോരാട്ടത്തിനും കളത്തിലിറങ്ങുന്നുണ്ട്.

ജോവാന്‍ ഗാംപെര്‍ ട്രോഫി

ഓഗസ്റ്റ് 11ന് ജോവാന്‍ ഗാംപെര്‍ ട്രോഫിയുടെ ഫൈനലാണ് ബാഴ്‌സ കളിക്കുന്നത്. ഇറ്റാലിയന്‍ സൂപ്പര്‍ ടീമായ കോമോ 1907നാണ് എതിരാളികള്‍. എസ്റ്റാഡി യോഹാന്‍ ക്രൈഫാണ് കിരീടപ്പോരാട്ടത്തിന് വേദിയാകുന്നത്.

Content Highlight: Barcelona’s pre season friendly matches

We use cookies to give you the best possible experience. Learn more