| Tuesday, 3rd March 2026, 5:30 pm

അത്ഭുതങ്ങള്‍ സംഭവിക്കണം, എന്നാല്‍ ബാഴ്സക്ക് തിരിച്ചുവരവ് അസാധ്യമല്ല; ചരിത്രം അത് തെളിയിച്ചിട്ടുണ്ട്!

ഫസീഹ പി.സി.

കോപ്പ ഡെല്‍ റേയില്‍ രണ്ടാം പാദ സെമി ഫൈനലിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. അത്‌ലറ്റിക്കോ മാഡ്രിഡാണ് ടീമിന്റെ എതിരാളികള്‍. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ അത്‌ലറ്റിക്കോക്ക് എതിരെ ഇറങ്ങുമ്പോള്‍ ടീമിന് വിജയം അനിവാര്യമാണ്.

ആദ്യ പാദ സെമി ഫൈനലിൽ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും. Photo: semprebarca.com

എന്നാല്‍, ആദ്യ പാദ സെമി ഫൈനലിലേറ്റ കനത്ത തോല്‍വി ബാഴ്സലോണയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. നേരത്തെ കറ്റാലന്‍ പടയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ദി റെഡ് ആന്‍ഡ് വൈറ്റ്സ് തകര്‍ത്തെറിഞ്ഞത്.

അതിനാല്‍ തന്നെ ബാഴ്സയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ രണ്ടാം പാദ സെമി ഫൈനലില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. ഫൈനലിന് യോഗ്യത നേടാന്‍ ടീമിന് വെറുമൊരു വിജയം മാത്രം പോരാ. വലിയ മാര്‍ജിനില്‍ തന്നെ അത്‌ലറ്റിക്കോയെ തോല്‍പ്പിക്കണം.

എന്നാല്‍, നാല് ഗോളിന്റെ ലീഡുമായി ഇറങ്ങുന്ന അത്ലെറ്റിയെ തോല്‍പ്പിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. പക്ഷേ, മറുവശത്ത് ബാഴ്സയാണെന്നത് കൊണ്ട് നമുക്ക് ഈ സാധ്യതകളെ പൂര്‍ണമായി തള്ളിക്കളയാനാവില്ല. ഇതിന് മുമ്പ് പല തവണ ഉഗ്രന്‍ തിരിച്ചുവരവുകള്‍ നടത്തിയിട്ടുണ്ട് എന്നത് തന്നെയാണ് അതിന് കാരണം.

ബാഴ്‌സലോണയും പി.എസ്.ജിയും 2017 യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ട് മത്സരത്തിനിടെ. Photo: Wikipedia.com

കറ്റാലന്‍ പടയുടെ തിരിച്ചുവരവുകളില്‍ ഏറ്റവും വലുത് 2017ല്‍ പി.എസ്.ജിക്ക് എതിരെ നേടിയതാണ്. അന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്ക്ഔട്ടിലെ ആദ്യ പാദത്തില്‍ ബാഴ്സ നാല് ഗോളുകള്‍ക്ക് പിന്നിലായിരുന്നു. എന്നാല്‍, രണ്ടാം പാദത്തില്‍ ടീം 1 – 6ന്റെ വിജയം നേടിയെടുത്തു. അഞ്ചിനെതിരെ ആറ് ഗോളുകളുടെ അഗ്രഗേറ്റ് സ്‌കോറില്‍ ടീം മുന്നേറുകയും ചെയ്തു.

ഇതുമാത്രമല്ല, ക്ലബ്ബിന്റെ ചരിത്രത്തിലെ തിരിച്ചുവരവുകള്‍. സെവിയ്യയോടും എ.സി. മിലാനോടും മുമ്പ് ബാഴ്‌സ ആദ്യ പാദങ്ങളില്‍ തോറ്റതിന് ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയിരുന്നു. 2020 – 21 സീസണിലെ കോപ്പ ഡെല്‍ റേ സെമി ഫൈനലിലാണ് ബ്ലൂഗ്രാന മറ്റൊരു എപിക് കംബാക്ക് നടത്തിയത്.

ആദ്യ പാദത്തില്‍ സെവിയ്യ രണ്ട് ഗോളുകള്‍ അടിച്ച് വിജയം സ്വന്തമാക്കി. എന്നാല്‍, രണ്ടാം പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്സ മൂന്ന് ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ച് കയറ്റിയത്. 3 – 2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.

എ.സി. മിലാനും ബാഴ്‌സലോണയും 2013ൽ ഏറ്റുമുട്ടിയപ്പോൾ. Photo: barcacentral.com

2013ലാണ് ബാഴ്സ എ.സി. മിലാനോട് ആദ്യ പാദത്തില്‍ പരാജയപ്പെട്ടതിന് ശേഷം വിജയം കരസ്ഥമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ നടന്ന മത്സരത്തില്‍ ആദ്യം മിലാന്‍ സ്വന്തം തട്ടകത്തില്‍ രണ്ട് ഗോളടിച്ച് വിജയിച്ചു. എന്നാല്‍, ക്യാമ്പ് നൗവില്‍ മിലാന്‍ താരങ്ങള്‍ ഇറങ്ങിയപ്പോള്‍ ബാഴ്സ നാല് ഗോളുകളാണ് വലയില്‍ കയറ്റിയത്. അതോടെ 4 – 2ന്റെ അഗ്രഗേറ്റ് വിജയവും ടീം നേടി.

ഇതിനെല്ലാം പുറമെ, അത്ലറ്റിക്കോ മാഡ്രിഡിനെതിരെ തന്നെ ഒരു തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയിട്ടുണ്ട്. അത് 1997ലെ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു. അന്ന് മത്സരത്തിന്റെ ആദ്യ പകുതിയില്‍ അത്ലെറ്റി മൂന്ന് ഗോളുകള്‍ അടിച്ച് ലീഡ് നേടി.

ബാഴ്സ തോറ്റുവെന്ന് ഉറപ്പിച്ച കാണികളെ നിശബ്ദരാക്കി രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ ഗോളുകള്‍ ടീം തിരിച്ചടിച്ചു. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയപ്പോള്‍ നാലിനെതിരെ അഞ്ച് ഗോളിന്റെ വിജയവുമായാണ് കറ്റാലന്‍ പട കളം വിട്ടത്.

1997ലെ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിൽ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും. Photo: fcbarcelona.com

ഇതുപോലൊരു തിരിച്ചുവരവ് തന്നെയാണ് ഇപ്പോള്‍ ബാഴ്സ ആരാധകരും ടീമും ഒരുപോലെ കൊതിക്കുന്നത്. ഈ വിജയങ്ങളെല്ലാം നല്‍കുന്ന ആത്മവിശ്വാസത്തിലാകും ഹാന്‍സി ഫ്‌ലിക്കും സംഘവും ഇറങ്ങുകയെന്നത് ഉറപ്പ്.

Content Highlight: Barcelona needs large win against Atletico Madrid in second leg semi final of  Copa Del Rey

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more