ലാ ലിഗയില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ എഫ്.സി ബാഴ്‌സലോണ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ച് 21 പോയിന്റോടെയാണ് കറ്റാലന്‍മാര്‍ പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ചിരവൈരികളായ റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴാണ് ബാഴ്‌സ അപരാജിതരായി മുന്നേറുന്നത് എന്നതും ശ്രദ്ധേയമാണ്. ആദ്യ ഏഴ് മത്സരത്തില്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത് 31 തവണ! വഴങ്ങിയതാകട്ടെ വെറും ഏഴ് ഗോളുകളും.
Photo: Barcelona/x.com
നായകന്‍ റഫീന്യയും യുവതാരങ്ങളായ ലാമിന്‍ യമാലും കരീം അദേയിമിയുമെല്ലാം സ്വപ്ന ഫോമിന്റെ പാരമ്യത്തില്‍ തുടരുമ്പോള്‍ ഹാട്രിക് ലാ ലിഗ കിരീടമാണ് ബ്ലൂഗ്രാന ലക്ഷ്യമിടുന്നത്.
ലാ ലിഗയില്‍ ബാഴ്‌സ തുടരുന്ന ഡോമിനേഷന് സമാനമായി മറ്റ് മൂന്ന് ലീഗുകളില്‍ ടീമുകള്‍ അപരാജിതരായി തുടരുന്നുണ്ട്. യൂറോപ്പിലെ ടോപ്പ് 6 ലീഗുകളില്‍ ഇതുവരെ പരാജയമറിയാത്ത, നൂറ് ശതമാനം വിജയമുള്ളവര്‍ ഈ നാല് പേരാണ്.
ബാഴ്‌സയുടെ കുതിപ്പിന് സമാനമാണ് ലിഗ പോര്‍ച്ചുഗലില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ എഫ്.സി പോര്‍ട്ടോയുടെ മുന്നേറ്റം. ചിരവൈരികളായ ബെന്‍ഫിക്കയ്‌ക്കെതിരെയുള്ള ഒ ക്ലാസിക് അടക്കം കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയം. 21 പോയിന്റോടെ ഒന്നാമത്.
സീസണില്‍ ഇതുവരെ 18 ഗോള്‍ നേടിയ ടീം മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബെന്‍ഫിക്കയേക്കാള്‍ പിന്നിലാണെങ്കിലും, ഏഴ് മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് പോയിന്റിന്റെ ലീഡ് നിലവില്‍ പോര്‍ട്ടോയ്ക്കുണ്ട്.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ നൂറ് ശതമാനം വിജയത്തിന്റെ നേട്ടം അവകാശപ്പെടാനുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രമാണ്. കളിച്ച അഞ്ചില്‍ അഞ്ചിലും വിജയിച്ചാണ് സിറ്റിസണ്‍സ് ലീഗില്‍ അപ്രമാദിത്യം തുടരുന്നത്.
രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലിന് നാല് ജയവും ഒരു തോല്‍വിയുമാണുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈറ്റണിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്.
കേവലം പോയിന്റ് പട്ടികയില്‍ മാത്രമല്ല, ഗോള്‍ വേട്ടക്കാരുടെ പട്ടികയിലും ഗോളടിപ്പിച്ചവരുടെ പട്ടികയിലും സിറ്റിസണ്‍സ് തന്നെയാണ് ഒന്നാമത്. അഞ്ച് ഗോളുമായി എര്‍ലിങ് ഹാലണ്ട് ഗോള്‍ഡന്‍ ബൂട്ട് റെയ്‌സില്‍ ഒന്നാമതായി തുടരുമ്പോള്‍ മൂന്ന് തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ച് അന്റോയിന്‍ സെമന്യോയും മികച്ച ഫോമിലാണ്.
ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ജയം മാത്രം നേടി കുതിക്കുന്നത്. നാല് മത്സരത്തില്‍ നാലിലും ജയിച്ച് 12 പോയിന്റാണ് ടീമിനുള്ളത്. ചിരവൈരികളായ ബയേണിന് നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണുള്ളത്.
Content Highlight: Barcelona, Manchester City, Porto, and Borussia Dortmund are the teams that have not lost a single match in the league stage so far.