| Saturday, 12th July 2025, 2:53 pm

Last Dance! 2026 ലോകകപ്പിന് ശേഷം അവസാന മത്സരം ക്യാമ്പ് നൗവില്‍; വ്യക്തമാക്കി ബാഴ്‌സ

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ എഫ്.സി ബാഴ്‌സലോണ. താരത്തിന്റെ കുടുംബവുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെ ഈ മത്സരത്തിന് തീയ്യതി നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിപ്പണിഞ്ഞ ക്യാമ്പ് നൗ സ്റ്റേഡിയത്തില്‍, ഫുള്‍ കപ്പാസിറ്റി ക്രൗഡിന് മുമ്പിലായിരിക്കും മെസിയുടെ അവസാന മത്സരം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്‌പോട്ടിഫൈ ക്യാമ്പ് നൗവിന്റെ ഉദ്ഘാടന മത്സരത്തിലായിരിക്കും മെസിയുടെ വിടവാങ്ങല്‍ മത്സരമെന്നാണ് കാറ്റലൂണിയ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026-27 സീസണിലായിരിക്കും ഈ മത്സരം അരങ്ങേറുക. അങ്ങനെയെങ്കില്‍ 2026 ലോകകപ്പിന് ശേഷമായിരിക്കും കറ്റാലന്‍മാര്‍ തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരുവന് വിടനല്‍കുക.

ഇതിന് വിരുദ്ധമായ വാര്‍ത്തകളും വരുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകള്‍ ബാഴ്‌സയും മെസിയുടെ കുടുംബവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

തന്റെ കരിയറിന്റെ അവസാനഘട്ടങ്ങളിലേക്ക് മെസി കാലെടുത്ത് വെക്കുകയാണ്. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട മെസി നിലവില്‍ എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമിക്കൊപ്പമാണ്. ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ക്ലബ്ബിന്റെ ഇതിഹാസമായി മാറാനും മെസിക്ക് സാധിച്ചിട്ടുണ്ട്.

2021ലാണ് തന്നെ ലോകമറിയുന്ന കാല്‍പ്പന്തുകാരനാക്കി മാറ്റിയ ബാഴ്‌സലോണയോട് മെസി വിടപറയുന്നത്. 17 സീസണുകളിലാണ് താരം ബാഴ്‌സ ജേഴ്‌സിയണിഞ്ഞത്.

ക്യാമ്പ് നൗ. ഒരു പഴയ ചിത്രം

ഇക്കാലയളവില്‍ 778 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 672 ഗോളും 303 അസിസ്റ്റും സ്വന്തമാക്കി. ലീഗ് കിരീടങ്ങളും സൂപ്പര്‍ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ക്ലബ്ബ് വേള്‍ഡ് കപ്പുമായി 35 കിരീടങ്ങളും മെസി ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

കൊവിഡിന്റെ സമയത്താണ് മെസി ബാഴ്‌സയുമായി വിടപറയുന്നത്. ഈ കാരണത്താല്‍ തന്നെ തങ്ങളുടെ ഇതിഹാസത്തിന് ഒരു യാത്രയയപ്പോ ബാഴ്‌സ ജേഴ്‌സിയിലെ അവസാന മത്സരമോ നല്‍കാന്‍ ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ കൂളേഴ്‌സിന്റെ ആഗ്രഹമറിഞ്ഞ് ക്ലബ്ബ് മെസിക്ക് ലാസ്റ്റ് ഡാന്‍സിനുള്ള അവസരമൊരുക്കുകയാണ്.

അതേസമയം, ഓഗസ്റ്റില്‍ ക്യാമ്പ് നൗ ഭാഗികമായി ഓപ്പണ്‍ ചെയ്യും. വളരെ കുറച്ച് കാണികള്‍ക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാവുക. ഓഗസ്റ്റ് പത്തിന് ജോവാന്‍ ഗാംപര്‍ ട്രോഫിക്കാണ് ക്യാമ്പ് നൗ വേദിയാവുക.

എന്നാല്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. മെസിയുടെ വിടവാങ്ങല്‍ മത്സരത്തിന് മുമ്പായി സ്റ്റേഡിയം പൂര്‍ണമായും സജ്ജമാക്കാനാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്.

Content Highlight: Barcelona have set a date for Lionel Messi’s return to Camp Nou

We use cookies to give you the best possible experience. Learn more