| Wednesday, 28th October 2026, 2:13 pm

അനുവാദമില്ലാതെ അല്‍വാരസിനെ സമീപിച്ചു: അത്‌ലെറ്റികോ മാഡ്രിഡിന്റെ പരാതിയില്‍ ബാഴ്‌സലോണയ്ക്ക് 602 യൂറോ പിഴ

ദേവിക ജയചന്ദ്രന്‍

അത്‌ലെറ്റികോ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനെ സമീപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ക്ലബ് നല്‍കിയ പരാതിയില്‍ എഫ്.സി ബാഴ്‌സലോണയ്ക്ക് 602 യൂറോ (63731 രൂപ) പിഴ. അത്‌ലറ്റിക്കോ മാഡ്രിഡിനെ രേഖാമൂലം അറിയിക്കാതെ അര്‍ജന്റൈന്‍ താരത്തെ സമീപിച്ചതിനാണ് ക്ലബ് പരാതി നല്‍കിയത്.

സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് പിഴ ചുമത്തിയത്. അത്‌ലെറ്റികോ മാഡ്രിഡ് ഫിഫയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കേസില്‍ അധികാരപരിധി ഇല്ലെന്ന് ഫിഫ അറിയിച്ചു.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ജൂലിയന്‍ അല്‍വാരസ് ബാഴ്‌സലോണയിലേക്കെത്തുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ താരം ക്ലബ്ബില്‍ തന്നെ തുടരുമെന്ന് അത്‌ലെറ്റികോ മാഡ്രിഡ് വ്യക്തമാക്കി. 26 കാരനായ അല്‍വാരസിന് 2030 ജൂണ്‍ വരെ ക്ലബ്ബുമായി കരാറുണ്ട്.

തനിക്ക് ടീം വിടണമെന്ന സൂചനകള്‍ താരം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ സീസണില്‍ താരം അത്‌ലെറ്റികോ ആരാധകരില്‍ നിന്നും പലപ്പോഴും കൂവല്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഡീപോര്‍ട്ടിവോ ലാ കൊരുണയ്‌ക്കെതിരെ വിജയഗോള്‍ നേടിയതിന് പിന്നാലെ താരത്തിന് ആരാധകര്‍ സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കിയിരുന്നു.

മത്സരശേഷം അല്‍വാരസ് ആരാധകരോട് ക്ഷമാപണം നടത്തിയിരുന്നു. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ സമയത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ബാഴ്‌സലോണയ്ക്കായി കളിക്കുകയെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു.

അത് തെറ്റായിരുന്നുവെന്നും ആരാധകര്‍ എന്തുകൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന് തനിക്ക് മനസിലാകുമെന്നും അല്‍വാരസ് പറഞ്ഞു.

‘ഞാനൊരു ആരാധകനായിരുന്നെങ്കില്‍ എനിക്കും ദേഷ്യം തോന്നുമായിരുന്നു. പ്രത്യേകിച്ചും ഞാന്‍ ഇവിടെ എത്തിയതുമുതല്‍ അവര്‍ എനിക്ക് നല്‍കിയ പിന്തുണ കണക്കിലെടുക്കുമ്പോള്‍,’ താരം പറഞ്ഞു.

2024 ഓഗസ്റ്റിലാണ് 75 ദശലക്ഷം യൂറോയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അല്‍വാരസ് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്. സിറ്റിക്കായി 103 മത്സരങ്ങളില്‍നിന്ന് 36 ഗോളുകള്‍ നേടിയ അല്‍വാരസ്, അത്‌ലറ്റിക്കോയ്ക്കായി 115 മത്സരങ്ങളില്‍ 51 ഗോളുകള്‍ നേടിയിട്ടുണ്ട്.

Content Highlight: Barcelona fined £602 over approach for Alvarez

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more