| Monday, 11th May 2026, 7:56 am

എല്‍ ക്ലാസിക്കോയില്‍ ജയിച്ച് ലാലിഗ കിരീടം തൂക്കി ബാഴ്സ; ഇങ്ങനെയൊന്ന് കറ്റാലന്‍ പടയുടെ ചരിത്രത്തിലാദ്യം!

ഫസീഹ പി.സി.

ലാലിഗയില്‍ കിരീടം നിലനിര്‍ത്തി അതികായരായ ബാഴ്സലോണ. തങ്ങളുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ എല്‍ ക്ലാസിക്കോയില്‍ വീഴ്ത്തിയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും കറ്റാലന്‍ പട കിരീടം സ്വന്തമാക്കിയത്.

ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് വിട്ടത്. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ 14 പോയിന്റ് വ്യത്യാസം നേടാന്‍ ടീമിന് സാധിച്ചതോടെയാണ് ബാഴ്സയുടെ കിരീടനേട്ടം.

ലാലിഗ കിരീടവുമായി ബാഴ്‌സലോണ. Photo: FC Barcelona/x.com

ഇത് ചരിത്രത്തിലെ ബാഴ്സയുടെ 29ാം ലാലിഗ കിരീടനേട്ടമാണ്. അതിനാകട്ടെ ഒരു പ്രത്യേകതയുണ്ട്. ഇത് ആദ്യമായാണ് ബാഴ്സ ഒരു എല്‍ ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തി ടൂര്‍ണമെന്റില്‍ ജേതാക്കളാവുന്നത്. തങ്ങളുടെ 29 കിരീടങ്ങളില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.

എന്നാല്‍, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് ആദ്യമായല്ല, എല്‍ ക്ലാസിക്കോ ലാലിഗ ജേതാക്കളെ നിശ്ചയിക്കുന്നത്. 1932ലായിരുന്നു ലീഗ് ടൈറ്റിലില്‍ റയല്‍ – ബാഴ്സ മത്സരം ഫലം നിര്‍ണയിച്ചത്. അന്ന് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. അതോടെ റയല്‍ കപ്പുമുയര്‍ത്തി.

അതേസമയം, മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിക്കാന്‍ ബാഴ്സലോണയ്ക്ക് സാധിച്ചു. വിസില്‍ മുഴങ്ങി ഒമ്പതാം മിനിട്ടില്‍ തന്നെ കറ്റാലന്‍ പട ലീഡ് നേടി. മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് ടീമിനെ മുന്നിലെത്തിച്ചത്.

ഗോൾ നേട്ടം ആഘോഷിക്കുന്ന മാർക്കസ് റാഷ്‌ഫോർഡ്. Photo: FC Barcelona/x.com

ഇതിന്റെ ആഘോഷം കെട്ടടങ്ങും മുമ്പ് തന്നെ ബ്ലൂഗ്രാന ഒരിക്കല്‍ കൂടി വലകുലുക്കി. ഇത്തവണ ഫെറാന്‍ ടോറസായിരുന്നു ഗോള്‍ സ്‌കോറര്‍. 18ാം മിനിട്ടില്‍ ഡാനി ഒല്‍മോ പന്ത് സ്വീകരിച്ചാണ് ടോറസ് റയല്‍ ആരാധകരുടെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തത്.

ശേഷിക്കുന്ന സമയം ലീഡുയര്‍ത്താന്‍ ബാഴ്സ കിണഞ്ഞു പരിശ്രമിച്ചു. മറുവശത്ത് പരിക്ക് കാരണം താരങ്ങളെ നഷ്ടമായ റയല്‍ ഗോള്‍ നേടാനും മത്സരത്തിലേക്ക് തിരിച്ചുവരാനും ശ്രമങ്ങള്‍ നടത്തി. എന്നാല്‍, അവയൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ഇതേ സ്‌കോറില്‍ ഫൈനല്‍ വിസില്‍ വന്നതോടെ ബാഴ്സ വിജയവും കിരീടവും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു.

Content Highlight: Barcelona FC won the La Liga title for the first time while playing against Real Madrid

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more