| Sunday, 11th January 2026, 2:06 pm

ഗോൾ വഴങ്ങാത്ത 519 മിനിട്ടുകള്‍!! എതിരാളികള്‍ക്ക് മുന്നില്‍ കത്രിക പൂട്ടിട്ട് ബാഴ്സ

ഫസീഹ പി.സി.

സ്പാനിഷ് സൂപ്പര്‍ കപ്പിനുള്ള ഒരുക്കത്തിലാണ് വമ്പന്മാരായ ബാഴ്സലോണ. നാളെ നടക്കുന്ന കലാശപ്പോരില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡാണ് എതിരാളികള്‍. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച കുതിപ്പ് നടത്തിയാണ് കറ്റാലന്‍ പട അവസാന അങ്കത്തിന് കോപ്പുകൂട്ടുന്നത്.

ജിദ്ദയില്‍ നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ തിങ്ങി നിറഞ്ഞ ഗാലറിക്ക് മുന്നില്‍ ബ്ലൂഗ്രാന ഇറങ്ങുന്നത് ഉറച്ച ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ ഫോമാണ് അതിന് കാരണം. അവസാനമായി ടീം കളിച്ച ഒറ്റ മത്സരത്തില്‍ പോലും ബാഴ്സ ഗോള്‍ വഴങ്ങിയിട്ടില്ല.

ബാഴ്‌സലോണ ടീം. Photo: FCBarcelona/x.com

ബാഴ്സ അവസാനമായി ഒരു ഗോള്‍ വഴങ്ങിയത് ഡിസംബര്‍ 10ന് ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തിലാണ്. അന്ന് ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടായിരുന്നു എതിരാളികള്‍. രണ്ട് ഗോളിന് കറ്റാലന്‍ പട മത്സരത്തില്‍ ജയിച്ചെങ്കിലും ഒരു ഗോള്‍ ടീമിന്റെ വലയില്‍ എത്തിക്കാന്‍ ജര്‍മന്‍ ക്ലബ്ബിന് സാധിച്ചിരുന്നു.

അതിന് ശേഷം ലാലിഗയിലും കോപ്പ ഡെല്‍ റേയിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും ബാഴ്സ കളിക്കാന്‍ ഇറങ്ങി. അപ്പോഴെല്ലാം തങ്ങളുടെ ഗോള്‍ വല കുലുക്കാന്‍ എതിരാളികള്‍ക്ക് അവസരം നല്‍കാതെയാണ് ടീം തിരികെ കയറിയത്.

ലാലിഗയില്‍ ഒസാസുനയും വിയ്യാറയലും എസ്പാന്യോളും ബാഴ്‌സയോട് ഏറ്റുമുട്ടാനെത്തി. ലീഗില്‍ കളിച്ച ഓരോ മത്സരത്തിലും എതിരാളികളുടെ പോസ്റ്റിലേക്ക് കറ്റാലന്‍ പട രണ്ട് ഗോളുകള്‍ വീതം അടിച്ചുകയറ്റി. എന്നാല്‍, ആ മത്സരങ്ങളിലെല്ലാം ടീം തങ്ങളുടെ വല കത്രിക താഴിട്ട് പൂട്ടി.

ബാഴ്‌സലോണ ടീം. Photo: FCBarcelona/x.com

കോപ്പ ഡെല്‍ റേയില്‍ ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ ഗ്വാഡലജാരയും സൂപ്പര്‍ കോപ്പ ഡെ എസ്പാനിയയില്‍ അത്ലറ്റികോ ബില്‍ബാവോയും എതിരാളികളുടെ കുപ്പായത്തിലെത്തി.

ഗ്വാഡലജാരയ്ക്ക് എതിരെ രണ്ട് ഗോളും ബില്‍ബാവോയ്ക്ക് എതിരെ അഞ്ച് ഗോളും ബാഴ്സ അടിച്ചു. പക്ഷേ, ഒറ്റൊന്ന് പോലും തങ്ങളുടെ വലയിലെത്താന്‍ ടീമിന്റെ പ്രതിരോധ നിര പഴുത് നല്‍കിയില്ല. അങ്ങനെ ഒറ്റ ഗോള്‍ പോലും വഴങ്ങാതെ 519 മിനിറ്റുകളാണ് ബ്ലൂഗ്രാന പിന്നിട്ടത്. ആ സ്ട്രീക്ക് സൂപ്പര്‍ കപ്പ് ഫൈനലിലും തുടരാന്‍ കഴിയുമെന്ന് കണ്ട് തന്നെ അറിയണം.

Content Highlight: Barcelona Fc haven’t conceded a goal in 519 minutes and last 5 matches

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more