ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഈസ്റ്റഡിയോ ഡെലാ സെറാമിക്ക സ്‌റ്റേഡിയത്തില്‍ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. 12ാം മിനിട്ടില്‍ റാഫിഞ്ഞയും 63ാം മിനിട്ടില്‍ ലാമിന്‍ യമാലുമാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.
എന്നാല്‍ വിയ്യാറയലിനെതിരായ വിജയത്തിന് പിന്നാലെ ബാഴ്സലോണ ക്യാമ്പില്‍ നിന്ന് നിരാശാജനകമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ടീമിന്റെ സൂപ്പര്‍ ഡിഫന്റര്‍ യൂള്‍സ് കുണ്ടേയ്ക്ക് വലതുകാലിലെ പേശീവലിവ് കാരണം വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
യൂള്‍സ് കുണ്ടേയ്, Photo: Barcelonafc/google.com
വിയ്യാറയലുമായുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് താരത്തിന് പരിക്കേറ്റത്.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കുണ്ടേയ്ക്ക് മൂന്ന് മുതല്‍ നാല് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ഫിസിയോസ് പറയുന്നത്.
ഇതോടെ ജനുവരി ഏഴിന് സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്‌ലറ്റിക് ക്ലബ്ബിനെതിരെ യൂള്‍സിന് കളിക്കാനായേക്കില്ല. ഇതോടെ ടീം ഫൈനലിലെത്തിയാലും ഡിഫന്റര്‍ക്ക് കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയാകും.
അതേസമയം മത്സരത്തില്‍ പൂര്‍ണമായും ആധിപത്യം സ്ഥാപിച്ചത് ബാഴ്‌സലോണയായിരുന്നു. 15 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ബാഴ്‌സ ഉന്നംവെച്ചത്. ബോള്‍ കൈവശം വെക്കുന്നതിലും പാസിലും ബാഴ്‌സ തന്നെയായിരുന്നു മുന്നില്‍.
ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 15 വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 46 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2026 ജനുവരി നാലിന് എസ്പാനിയോളുമായാണ് ബാഴ്‌സയുടെ അടുത്ത മത്സരം.
Content Highlight: Barcelona defender Jules Kunde injured