| Monday, 29th September 2025, 7:21 am

ബാഴ്സയ്ക്ക് സൂപ്പര്‍ വിജയം; റയലിനെ മറികടന്ന് ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ലാലിഗയില്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കറ്റാലന്‍ പടയുടെ വിജയം. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം തിരിച്ച് വരവ് നടത്തിയാണ് ടീം വിജയിച്ചത്. ജയത്തോടെ ബാഴ്സ റയല്‍ മാഡ്രിഡിനെ മറികടന്ന് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് റയല്‍ സോസിഡാഡായിരുന്നു. 31ാം മിനിട്ടില്‍ തന്നെ ബാഴ്സയെ ഞെട്ടിച്ച് സോസിഡാഡ് പന്ത് വലയിലെത്തിച്ചു. അല്‍വാരോ ഒഡ്രിയോസോളയാണ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍, ഒന്നാം പകുതിയില്‍ തന്നെ ബാഴ്സ തിരിച്ചടിച്ചു.

43ാം മിനിട്ടിലാണ് കറ്റാലന്‍ പട സമനില ഗോള്‍ നേടിയത്. ജൂള്‍സ് കൗണ്ടെയാണ് പന്ത് വലയിലെത്തിച്ചത്. മര്‍ക്കസ് രാഷ്ഫോര്‍ഡ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. അതോടെ ഒന്നാം പകുതി 1 – 1 എന്ന നിലയില്‍ അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ ബാഴ്സ മത്സരത്തില്‍ ലീഡ് നേടി. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ടീമിനെ മുന്നിലെത്തിച്ചത്. അതിനായി പന്തെത്തിച്ചത് ലാമിന്‍ യമാലാണ്. 59ാം മിനിട്ടിലായിരുന്നു സ്പാനിഷ് അതികായകരുടെ വിജയ ഗോള്‍.

പിന്നെയും ഇരു ടീമുകളും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. പക്ഷേ, സ്‌കോര്‍ ബോര്‍ഡ് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നാലെ ഫൈനല്‍ വിസിലെത്തിയതോടെ ബാഴ്സയുടെ പോയിന്റ് 19 ആയി ഉയര്‍ന്നു. അതോടെ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്താനും കറ്റാലന്‍ പടയ്ക്ക് സാധിച്ചു.

മത്സരത്തില്‍ 4 – 2 – 3 – 1 എന്ന ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ലിക്ക് താരങ്ങളെ കളത്തിലിറക്കിയത്. മറുവശത്ത് റയല്‍ സോസിഡാഡ് 4 – 1 – 4 -1 എന്ന ഫോര്‍മേഷനാണ് സ്വീകരിച്ചത്.

പന്തടക്കത്തില്‍ ബാഴ്സയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് കാണികള്‍ സാക്ഷിയായത്. 75 ശതമാനമായിരുന്നു കറ്റാലന്‍ പട മത്സരത്തില്‍ പന്ത് കൈവശം വെച്ചത്. 22 തവണയാണ് ടീം എതിരാളികളെ ലക്ഷ്യം വെച്ച് പന്തടിച്ചത്. അതില്‍ 12 എണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.

അതേസമയം, ഏഴ് ഷോട്ടുകള്‍ മാത്രമാണ് സോസിഡാഡിന് ബാഴ്സയുടെ പോസ്റ്റിന് നേരെ അടിക്കാനായത്. അതിന് രണ്ടെണ്ണം മാത്രമായിരുന്നു ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റ്.

Content Highlight: Barcelona defeated Real Sociedad in La Liga and Tops in point table surpassing Real Madrid

We use cookies to give you the best possible experience. Learn more