| Sunday, 17th August 2025, 7:45 am

വെടിക്കെട്ടിന് തിരികൊളുത്തി ബാഴ്സ; മൂന്നടിച്ച് മുന്നേറ്റം

സ്പോര്‍ട്സ് ഡെസ്‌ക്

ലാലിഗയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. മല്ലാര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചാണ് പുതിയ സീസണില്‍ കറ്റാലന്മാരുടെ തുടക്കം. മല്ലാര്‍ക്കയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയത്. പന്തടക്കത്തില്‍ ഏറെ പിറകിലായിരുന്നെങ്കിലും മുന്നേറ്റങ്ങളുമായി മല്ലാര്‍ക്കയും മത്സരത്തെ ആവേശഭരിതമാക്കി.

ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ പന്ത് കൈവശം വെച്ച് ബാഴ്സ താരങ്ങള്‍ എതിര്‍ ഹാഫിലേക്ക് പാഞ്ഞടുത്തു. മത്സരം തുടങ്ങി ഏറെ വൈകാതെ തന്നെ ടീമിന് വല കുലുക്കാനും ലീഡ് നേടാനും സാധിച്ചു. 7ാം മിനിട്ടില്‍ റഫീന്യയാണ് കറ്റാലന്മാരുടെ ഗോള്‍ കണ്ടെത്തിയത്. യുവതാരം ലാമിന്‍ യമാല്‍ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരം ബ്ല്യൂഗ്രാനയ്ക്ക് ലീഡ് സമ്മാനിച്ചത്.

അതോടെ, മല്ലാര്‍ക്ക താരങ്ങള്‍ പ്രതിരോധവുമായി മുന്നോട്ട് വന്നു. ബാഴ്സ താരങ്ങളെ പിടിച്ചുകെട്ടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും മുന്നേറ്റങ്ങളുമായി കറ്റാലന്‍പട കളം നിറഞ്ഞ് കളിച്ചു. അതിനിടയില്‍ ബാഴ്സയെ ഞെട്ടിക്കാന്‍ ലോസ് പിരാറ്റസിന് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

ഏറെ വൈകാതെ ബാഴ്സ തങ്ങളുടെ രണ്ടാം ഗോളും നേടി. ഇത്തവണ ഫെറാന്‍ ടോറസാണ് വല കുലുക്കിയത്. ഈ ഗോള്‍ പിറന്നത് മത്സരത്തിന്റെ 23ാം മിനിട്ടിലായിരുന്നു. ഗോളിലെത്തി പത്ത് മിനിട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും മല്ലാര്‍ക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വന്നു. യമാലിനെ ചലഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാം യെല്ലോ കാര്‍ഡ് കണ്ട് മാനു മോര്‍ലെയ്ന്‍സ് പുറത്തായി.

അതോടെ, മല്ലാര്‍ക്ക പത്ത് പേരായി ചുരുങ്ങി. അഞ്ച് മിനിട്ടുകള്‍ക്കകം മറ്റൊരു താരം കൂടെ ചുവപ്പ് കാര്‍ഡ് കണ്ട് തിരിച്ച് നടന്നു. ബാഴ്സ താരം ഗാര്‍സിയയെ ചലഞ്ച് ചെയ്തതിനായിരുന്നു വേദാത് മുറിഖിയ്ക്ക് കളം വിടേണ്ടി വന്നത്. ഈ രംഗങ്ങളോടെ ഒന്നാം പകുതിയ്ക്ക് അവസാനമായി.

ഒമ്പത് പേരായി ചുരുങ്ങിയ മല്ലാര്‍ക്കയെ വെള്ളം കുടിപ്പിക്കുന്ന ബാഴ്‌സയെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. എന്നാല്‍, താരങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും മല്ലാര്‍ക്കയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവരും തങ്ങള്‍ക്ക് സാധിക്കുന്ന സമയങ്ങളില്‍ എല്ലാം മുന്നേറ്റങ്ങളുമായി ബാഴ്സ പോസ്റ്റിനെ ലക്ഷ്യമാക്കി കുതിച്ചു. അല്ലാത്തപ്പോള്‍ കറ്റാലന്മാരുടെ ലീഡ് ഉയര്‍ത്താനുള്ള മോഹങ്ങള്‍ക്ക് ചെക്ക് വെച്ചു.

രണ്ടാം പകുതി മറ്റൊരു ദൃശ്യത്തിന് കൂടി സാക്ഷ്യം വഹിച്ചു. ബാഴ്സ ആരാധകര്‍ ഏറെ കാത്തിരുന്ന മാര്‍ക്കസ് റാഷ്ഫോര്‍ഡ് ബാഴ്സയുടെ കുപ്പായത്തില്‍ കളത്തിലിറങ്ങി. ഇരുടീമുകളും മാറ്റങ്ങള്‍ വരുത്തിയത് ശേഷവും ഗോളിനായി ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, മറ്റൊരു ഗോള്‍ മാത്രം അകന്നു.

ഇനി ഒരു ഗോള്‍ പിറക്കില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് യമാല്‍ ബാഴ്സയുടെ മൂന്നാം ഗോള്‍ വലയിലെത്തിച്ചത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിട്ടിലാണ് പുതിയ സീസണിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. നിമിഷങ്ങള്‍ക്കകം ബാഴ്സയുടെ വിജയമുറപ്പിച്ച് ഫൈനല്‍ വിസിലും മുഴങ്ങി.

Content Highlight: Barcelona defeated Mallorca in La Liga

We use cookies to give you the best possible experience. Learn more