സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് ലാലിഗയില്‍ സൂപ്പര്‍ വിജയം. ടൂര്‍ണമെന്റില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗെറ്റാഫയെ തകര്‍ത്താണ് ടീം വിജയം സ്വന്തമാക്കിയത്. ഫെറാന്‍ ടോറസിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് കറ്റാലന്‍ പട മൂന്ന് പോയിന്റും അക്കൗണ്ടിലാക്കിയത്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ തന്നെ ബാഴ്സയുടെ അധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയായത്. കളിയുടെ ആറാം മിനിട്ടില്‍ തന്നെ കറ്റാലന്‍മാര്‍ ലീഡ് നേടി. ടീമിനായി ടോറസായിരുന്നു വല കുലുക്കിയത്. ഡാനി ഓല്‍മോ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
പിന്നാലെ, ബാഴ്സ പന്തുമായി മൈതാനത്ത് കുതിച്ചു. മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ സ്പാനിഷ് വമ്പന്മാരുടെ രണ്ടാം ഗോളുമെത്തി. 34ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്. ഈ ഗോളും ഗെറ്റാഫെയുടെ നെഞ്ച് തുളച്ച് വല കുലുക്കിയത് ടോറസായിരുന്നു. അതിനായി അസിസ്റ്റ് നല്‍കിയതാകട്ടെ റഫീന്യയും.
ഏറെ വൈകാതെ ഒന്നാം പകുതി അവസാനിച്ചു. ഗെറ്റാഫെയ്ക്ക് ഒരു ഷോട്ട് പോലും ആദ്യ 45 മിനിട്ടില്‍ ബാഴ്സ പോസ്റ്റിലേക്ക് തൊടുക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ എല്‍ ഗെറ്റ ചെറിയ മുന്നേറ്റങ്ങളുമായി ഗോള്‍ നേടാന്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍, അവരെ ഞെട്ടിച്ച് ബാഴ്സ പിന്നെയും പന്ത് വലയിലെത്തിച്ചു.
62ാം മിനിട്ടില്‍ ഡാനി ഓല്‍മോയായിരുന്നു പന്ത് വലയിലെത്തിച്ചത്. പന്തുമായി കുതിച്ച റാഷ്ഫോര്‍ഡിനെ ഗെറ്റാഫെ പ്രതിരോധം തടഞ്ഞപ്പോള്‍ ഒറ്റയ്ക്ക് നിന്ന ഓല്‍മോയ്ക്ക് പന്ത് നല്‍കുകയായിരുന്നു. അതോടെ ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ ടീം പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി.
4 – 3 – 3 ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ലിക്ക് തന്റെ താരങ്ങളെ കളത്തിലിറക്കിയത്. മത്സരത്തില്‍ 72 ശതമാനവും പന്തടക്കം ബാഴ്‌സക്കായിരുന്നു. 16 ഷോട്ടുകളാണ് കാറ്റാ ലന്‍ പട എതിരാളികളുടെ പോസ്റ്റിനെ ലക്ഷ്യമാക്കി അടിച്ചത്. അതില്‍ ഏഴെണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.
അതേസമയം, ഗെറ്റാഫെ 5 – 3 – 2 എന്ന ഫോര്‍മേഷനാണ് മത്സരത്തില്‍ അവലംബിച്ചത്. ബാഴ്സയുടെ ആധിപത്യം കണ്ട മത്സരത്തില്‍ രണ്ട് ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റടക്കം മൂന്ന് ഷോട്ടാണ് ടീം തൊടുത്തത്.
Content Highlight: Barcelona defeated Getafe for three goals in La Liga