| Monday, 1st September 2025, 7:26 am

ബാഴ്സയ്ക്ക് സമനിലപ്പൂട്ട്; കരുത്ത് കാട്ടി റയോ വല്ലേക്കാനോ

സ്പോര്‍ട്സ് ഡെസ്‌ക്

ലാലിഗയില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച് റയോ വല്ലേക്കാനോ. ഇന്ന് പുലര്‍ച്ചയെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. 67 മിനിട്ടുകളോളം കൈപിടിയിലൊതുക്കിയ വിജയമാണ് ബാഴ്സ കൈവിട്ടത്.

മത്സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ ബാഴ്സ തങ്ങളുടെ ആക്രമണം തുടങ്ങി. ഇവരുടെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ഒട്ടും പതറാതെ റയോ വല്ലേക്കാനോയും പ്രതിരോധവും തീര്‍ത്തു. ഗോളിനായി കിണഞ്ഞു പരിശ്രമിച്ച് ബാഴ്സയ്ക്ക് ഒരു സുവര്‍ണാവസരം ലഭിച്ചു.

പന്തുമായി മുന്നേറിയ ബാഴ്സ യുവതാരം ലാമിന്‍ യമാലിനെ ചലഞ്ച് ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. അത് യമാല്‍ തന്നെ വലയിലെത്തിച്ചതോടെ 40ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി.

റഫറിയുടെ തീരുമാനത്തില്‍ ഒട്ടും തൃപതരല്ലാതിരുന്ന വല്ലേക്കാനോ താരങ്ങള്‍ പിന്നീട് പന്തുമായി എതിര്‍ ഹാഫിലേക്ക് കുതിച്ചു. ഒടുവില്‍ സെക്കന്റ് ഹാഫില്‍ തിരിച്ചടിച്ച് റയോ വല്ലേക്കാനോ കളി സമനിലയിലെത്തിച്ചു. 67ാം മിനിറ്റില്‍ ഫ്രാന്‍ പേരസായിരുന്നു വല്ലേക്കാനോയുടെ ഗോള്‍ നേടിയത്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ താരങ്ങള്‍ ഉണര്‍ന്നു കളിച്ചു. കറ്റാലന്‍ പടയും വല്ലേക്കാനോ താരങ്ങളും പിന്നീട് ഒരു ഗോള്‍ കൂടി നേടി ലീഡ് നേടാന്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ, ഗോള്‍ മാത്രം അകന്നു നിന്നു. ഫൈനല്‍ വിസിലെത്തിയതോടെ ഇരു ടീമുകളും പോയിന്റ് വീതം വെച്ചു.

മത്സരത്തില്‍ 4 -2 – 3-1 എന്ന ഫോര്‍മേഷനിലായിരുന്നു ബാഴ്സ കളിക്കളത്തില്‍ ഇറങ്ങിയത്. അതേസമയം, വല്ലേക്കാനോ അവലംബിച്ചത് 4- 4- 2 എന്ന ഫോര്‍മേഷനായിരുന്നു.

തുടക്കം മുതല്‍ തൊട്ട് കളിയുടെ ഏറിയ പങ്കും പന്തില്‍ ആധിപത്യം കറ്റാലന്‍ സംഘത്തിനായിരുന്നു. 57 ശതമാനമായിരുന്നു ടീമിന്റെ പൊസഷന്‍. 12 ഷോട്ടുകളാണ് ബാഴ്സ താരങ്ങള്‍ റയോ വല്ലക്കാനോയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതില്‍ മൂന്നും ഷോട്ട് ഓണ്‍ ടാര്‍ജറ്റായിരുന്നു.

അതേസമയം, റയോ വല്ലേക്കാനോയും ബാഴ്സയുടെ അത്ര തന്നെ ഷോട്ടുകള്‍ അടിച്ചു. അതില്‍ ആറെണ്ണം ഷോട്ട് ഓണ്‍ ടാര്‍ജറ്റായിരുന്നു.

Content Highlight: Barcelona and Rayo Vallecano clash in La Liga in a draw

We use cookies to give you the best possible experience. Learn more