| Wednesday, 17th December 2025, 3:50 pm

സ്പെഷ്യൽ ഹാട്രിക്കിൽ ബാഴ്സയുടെ രാജകുമാരി; എതിരാളികളില്ലാതെ ബോൺമാറ്റി

ഫസീഹ പി.സി.

2025ലെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വനിതാ വിഭാഗത്തില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഈ അവാര്‍ഡ് സ്വന്തമാക്കിയത് ബാഴ്സലോണയുടെ താരമായ ഐറ്റാന ബോണ്‍മാറ്റിയാണ്. ബാഴ്സയിലെ തന്റെ സഹതാരമായ അലക്‌സിയ പുട്ടെയാസ്, ആഴ്സണല്‍ താരം മരിയോണ കാല്‍ഡെയെയും മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ബോണ്‍മാറ്റി 52 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ഈ അവാര്‍ഡ് തന്റെ ഷെല്‍ഫില്‍ എത്തിച്ചത്. അതേസമയം, കാല്‍ഡെ 40 പോയിന്റും പുട്ടെയാസ് 33 പോയിന്റുമാണ് നേടിയാണ്.

ഐറ്റാന ബോണ്‍മാറ്റി. Photo: F.Fhenomenal/x.com

ഇത് ആദ്യമായല്ല, ബോണ്‍മാറ്റി ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. 2023, 2024 വര്‍ഷങ്ങളിലും സ്പാനിഷ് താരം തന്നെയാണ് ഈ അവാര്‍ഡ് നേടിയത്. ഇപ്പോള്‍ 2025ലും ദി ബെസ്റ്റ് അവാര്‍ഡ് നേടി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും താരം ട്രോഫി തന്റെ അക്കൗണ്ടിലെത്തിച്ചു. ഈ വര്‍ഷങ്ങളിലും താരം തന്നെയായിരുന്നു ബാലണ്‍ ഡി’ ഓര്‍ ജേതാവ് എന്നതും ഇതിന് കൂടെ ചേര്‍ത്ത് വായിക്കണം.

ഈ സീസണില്‍ ബോണ്‍മാറ്റിക്ക് ബാഴ്‌സക്കായി ഒരുപാട് മത്സരങ്ങളില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. സ്പാനിഷ് ടീമിനായി കളിക്കവെ താരത്തിന് പരിക്കേറ്റിരുന്നു. പക്ഷേ, അപ്പോഴും താരം ബാര്‍സലോണക്കായി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

പരിക്കിന്റെ മുമ്പ് താരം 15 മത്സരങ്ങളില്‍ കളിച്ചിരുന്നു. ഇതില്‍ നിന്ന് ആറ് ഗോളുകള്‍ താരം വലയില്‍ എത്തിക്കുകയും ചെയ്തു. കൂടാതെ, മൂന്ന് അസിസ്റ്റുകളും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ കുറിച്ചു. ഇതിലേറെ മികച്ചതായിരുന്നു താരത്തിന്റെ 2024 – 25 സീസണ്‍.

ഐറ്റാന ബോണ്‍മാറ്റി. Photo: Rede Contínua/x.com

കഴിഞ്ഞ സീസണില്‍ താരം 15 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. 44 മത്സരങ്ങളില്‍ കളിച്ചായിരുന്നു ഇത്. ഒപ്പം കാറ്റലന്‍ പടയ്ക്ക് ആഭ്യന്തര ട്രെബിള്‍ നേടി കൊടുക്കുന്നതില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. സൂപ്പര്‍കോപ്പ ഡി എസ്പാന, ലാ ലിഗ, കോപ്പ ഡെല്‍ റേ എന്നിവയായിരുന്നു ടീമിന്റെ കിരീട നേട്ടം.

കൂടാതെ, 2025 യൂറോയില്‍ സ്പാനിഷ് ടീമിനായും ബോണ്‍മാറ്റി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്ത്. ഫൈനലില്‍ ടീം തോറ്റെങ്കിലും ഏറ്റവും മൂല്യമുള്ള താരം എന്ന് അവാര്‍ഡ് താരം സ്വന്തം അക്കൗണ്ടിലെത്തിച്ചു.

Content Highlight: Barcelona’s Aitana Bonmatí win the FIFA the Women Best Award for thrid consecutive year

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more